ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഷഹീദ് ഖഖാന്‍ അബ്ബാസി അറസ്റ്റില്‍.
ലാഹോറില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കിയില്ലെങ്കിലും അഴിമതിയും വഴിവിട്ട നടപടിക്രമങ്ങളും ഉന്നയിച്ചാണ് അറസ്റ്റെന്ന് മുസ്ലിം ലീഗ് (നവാസ്) പുറത്തുവിട്ട അറസ്റ്റ് വാറണ്ടിന്റെ പകര്‍പ്പ് വ്യക്തമാക്കുന്നു.
നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ഉദ്യോഗസ്ഥരെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്ന് പിഎംഎല്‍എന്‍ നേതാവ് അഹ്സാന് ഇഖ്ബാല്‍ അറിയിച്ചു. എല്‍എന്‍ജി ഗ്യാസ് അഴിമതിയാണ് അബ്ബാസിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പിഎംഎല്‍ നേതാക്കളായ അഹ്സാന് ഇഖ്ബാല്‍, മറിയം ഔറംഗസേബ് എന്നിവര്‍ അബ്ബാസിയെ അറസ്റ്റ് ചെയ്യുമ്ബോള്‍ കൂടെയുണ്ടായിരുന്നു. അറസ്റ്റ് തടയാന്‍ അബ്ബാസി ശ്രമിച്ചിരുന്നെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ഇയാളെ ലഹോറിലെ എന്‍എബി ഓഫീസിലേക്ക് മെഡിക്കല്‍ ചെക്കപ്പിനായി മാറ്റിയിട്ടുണ്ട്.
എല്‍എന്‍ജി ഇറക്കുമതിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട 22000 കോടിയുടെ അഴിമതിക്കേസില്‍ ഷഹീദ് ഖഖാന്‍ അബ്ബാസി മുഖ്യപ്രതിയായി 2015ല്‍ എന്എഎബി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ പെട്രോളിയം മന്ത്രി കൂടിയായ അബ്ബാസി ക്രമവിരുദ്ധമായി എല്‍എന്‍ജി കരാര്‍ അനുവദിച്ചെന്നാണ് കേസ്. മുന്‍ പെട്രോളിയം സെക്രട്ടറി അടക്കമുള്ള ഉന്നതരും കേസില്‍ പ്രതികളാണ്. ഇയാളെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.
പിഎംഎല്‍ ഈ വിഷയത്തില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇമ്രാന് ഖാന് നിര്‍ദേശ പ്രകാരം പ്രതികാര നടപടികളാണ് എന്‍എബി ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് പിഎംഎല്‍ പറയുന്നു. സുപ്രീം കോടതി അയോഗ്യത കല്‍പ്പിച്ച നവാസ് ഷെരീഫിന് പകരമാണ് നേരത്തെ ഷഹീദ് കഖാന് അബ്ബാസി പ്രധാനമന്ത്രി പദത്തിലെത്തിയത്. വെറും ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്.
അതേസമയം ഇപ്പോഴുള്ള ആരോപണം തെളിയിക്കപ്പെട്ടാല്‍ അബ്ബാസിക്കും അയോഗ്യത കല്‍പ്പിക്കപ്പെടാം.