Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2024, 05:13 PM IST
  • ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
  • പായൽ പിടിച്ചു കിടക്കുന്നതും, മൃഗങ്ങളെ കുളിപ്പിക്കുന്നതുമായ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി.
Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതും, മൃഗങ്ങളെ കുളിപ്പിക്കുന്നതുമായ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. കൂടാതെ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. 

Also Read: Kerala Lottery Result: ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണോ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗ ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. 

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ 

ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ. 

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം. 

അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതുംഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. 
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. 
ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം. 
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കണം.

നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദേശങ്ങൾ 

ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കി കളയണം. 
സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം.
പ്രതലങ്ങൾ നന്നായി ഉണങ്ങുവാൻ അനുവദിക്കണം.
നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കണം.
പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിനുശേഷം ഉപയോഗിക്കണം.
വെള്ളത്തിൻറെ അളവിനനുസരിച്ച് 5 ഗ്രാം ക്ലോറിൻ/ 1000 ലിറ്റർ വെള്ളത്തിന് ആനുപാതികമായിക്ലോറിനേറ്റ് ചെയ്യണം. 
ക്ലോറിൻ ലെവൽ 0.5 പി.പി.എം മുതൽ 3 പി.പി.എം ആയി നിലനിർത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News