തൃശ്ശൂർ കൊടുങ്ങല്ലൂരിൽ റംസാൻ ഷോപ്പിങ്ങിലായിരുന്നു ഒരു വീട്ടമ്മ സ്വൈപ്പ് ചെയ്യാൻ ബില്ലിംഗ് കൗണ്ടറിൽ ഭർത്താവിന്റെ ഡെബിറ്റ് കാർഡ് നൽകി കാത്തിരിക്കുമ്പോൾ ക്യാഷ്യർ പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന് അറിയിക്കുന്നു.അടുത്തുള്ള എടിഎമ്മിലേക്ക് പോയെങ്കിലും പണം പിൻവലിക്കാൻ കഴിഞ്ഞില്ല. ആദ്യമുണ്ടായ നാണക്കേട് പിന്നീട് പരിഭ്രാന്തിയായി മാറി.
ഉടൻ ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിളിക്കുകയും ഭർത്താവ് തന്നെ തൻറെ എൻആർഐ അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിന്റെ കൊടുങ്ങല്ലൂർ ശാഖയുമായി ബന്ധപ്പെടുകയും ചെയ്തു. "അനധികൃത ഇടപാട് കാരണം അക്കൗണ്ട് മരവിപ്പിച്ചെന്നായിരുന്നു ലഭിച്ച മറുപടി. ബാങ്കിന്റെ ആലുവയിലെ രജിസ്റ്റർ ഓഫീസിലും അഹമ്മദാബാദിലെ റീജിയണൽ ഓഫീസിലും കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതൊരു സംഭവം മാത്രമായിരുന്നു.
ഏപ്രില് 9-ന് നിലമ്പൂര് സ്വദേശികളായ അനന്ദു കെ, ശ്യാംജിത്ത് കെ എന്നിവര് ചേര്ന്ന് '#Bank അക്കൗണ്ട് ഫ്രീസ് വിക്ടിംസ് #Kerala' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഒരു ദിവസം കൊണ്ട് 200 ഓളം പേരാണ് ആ ഗ്രൂപ്പിലേക്ക് എത്തിയത്. എല്ലാവരും അവരുടെ കഥകൾ വിവരിക്കാൻ തുടങ്ങിയതോടെ പ്രശ്നം വലിയ വാർത്തയായി. കോട്ടയം സ്വദേശിയുടെ മരവിച്ച് ബിസിനിസ് അക്കൗണ്ട് കേസ് ഒത്ത് തീർപ്പാക്കാൻ ഡൽഹി പോലീസിന് കൊടുത്തതും ചിലവും എല്ലാം കൂടി പോയത് 5 ലക്ഷമാണ്. നഷ്ടമായത് 2.5 ലക്ഷവും.
നാഷണൽ സൈബർ ക്രൈം റിപ്പോര്ട്ടിംഗ് പോര്ട്ടലില് (എന്സിസിആര്പി) രജിസ്റ്റർ ചെയ്ത ഓൺ ലൈൻ തട്ടിപ്പുകൾ അന്വേഷിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസിൻറെ നിർദ്ദേശപ്രകാരമാണ് കേരളത്തിലെ ബാങ്കുകളിലെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. എന്നാൽ കേരളത്തിലെ ഇരകൾക്ക് ഇത്തരം തട്ടിപ്പുകളുമായി പലപ്പോഴും യാതൊരു ബന്ധവുമില്ല, എഫ്ഐആറുകളിൽ അവരുടെ പേരുമില്ല. യുപിഐ ഐഡി വഴി ഒരു സാധനം വാങ്ങിയവർ ഇതിൽപ്പെട്ടിട്ടുണ്ടെന്നതാണ് സത്യം-സൈബർ ക്രൈം വിദഗ്ദ്ധനും കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായ ജിയാസ് ജമാലിനെ ഉദ്ദരിച്ച മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പല കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയാണ് പൊലീസ് നടപടിയെന്ന് അഭിഭാഷകർ പറയുന്നു. സൈബർ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമില്ലാഞ്ഞിട്ട് പോലും ആളുകളുടെ ആധാർ, പാൻ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയുമായി ലിങ്കുചെയ്ത എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ തെലങ്കാനയിലെ രാച്ചകൊണ്ട പോലീസ് കേരളത്തിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് കത്തെഴുതിയിരുന്നു.
എന്താണ് സംഭവിക്കുന്നത്
നിയമ വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ ഫണ്ടിങ്ങ്. നികുതി വെട്ടിപ്പ്, അളവിൽ കൂടുതൽ തുക എത്തുന്നതിലുള്ള ശ്രദ്ധ എന്നിങ്ങനെ പല വ്യത്യസ്ത കാരണങ്ങളിൽ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യാൻ ബാങ്കിന് അധികാരമുണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ്/ അതാത് ഏജൻസികൾ എന്നിവരുടെ നിർദ്ദേശ പ്രകാരമോ ഇത് നടപ്പാക്കാം. അക്കൗണ്ടുകൾ മരവിപ്പിച്ചാൽ ഇടപാടുകൾ പലതും നടക്കില്ല എന്നാൽ നിക്ഷേപങ്ങൾ സ്വീകരിക്കാനാകും എന്ന് വൺ ഇന്ത്യ മലയാളം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പണം പിൻവലിക്കാനോ മറ്റൊരിടത്തേക്ക് മാറ്റാനോ കഴിയില്ല.
എന്ത് ചെയ്യാം?
ഇത്തരമൊരു പ്രശ്നം ഉണ്ടായെന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആദ്യം ബാങ്കുമായി ബന്ധപ്പെടാം. മറുപടി തൃപ്തയില്ലെങ്കിൽ റിസർവ്വ് ബാങ്കുമായി ബന്ധപ്പെടുകയും ആവശ്യമായ നിയമ സഹായം തേടുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...