ഹൈദരാബാദ്: കേരളത്തെ കുറിച്ച് മലയാളികള്‍ക്കുള്ള ഏറ്റവും വലിയ പരാതി മദ്യപാനത്തെ കുറിച്ചായിരിക്കും. മദ്യപിച്ച് വഴക്കുണ്ടാക്കുക, മദ്യപിച്ച് റോഡില്‍ കിടക്കുക തുടങ്ങിയ കലപാരിപാടികള്‍ ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നാണ് പലരും ആക്ഷേപിക്കാറുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യം വിറ്റ് കിട്ടുന്നതാണെന്ന ആക്ഷേപവും പലരും പറയാറുണ്ട്. എന്തായാലും ഉത്തരവാദിത്തത്തോടെ മദ്യപിക്കുക എന്നത് മലയാളികള്‍ പഠിക്കേണ്ട ഒരു കാര്യം തന്നെയാണ്.
പറഞ്ഞുവരുന്നത് മദ്യപാനത്തെ കുറിച്ചല്ല. രാജ്യത്ത് പുതിയതായി അവതരിപ്പിക്കപ്പെട്ട ഒരു പുതിയ മദ്യത്തെ കുറിച്ചാണ്. പേര് ബെല്ല! നല്ല ശര്‍ക്കര വാറ്റിയുണ്ടാക്കുന്ന ഈ മദ്യം അവതരിപ്പിച്ചിരിക്കുന്നത് അമൃത് ഡിസ്റ്റിലറീസ് ആണ്.
അമൃത് ഡിസ്റ്റിലറീസ് എന്ന പേര് ഏറ്റവും ചുരുങ്ങിയത് മദ്യപിക്കുന്ന ഇന്ത്യക്കാര്‍ക്കെല്ലാം സുപരിചിതമായിരിക്കും. വേള്‍ഡ് വിസ്‌കി ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി പുറത്തിറക്കിയ അതേ അമൃത് ഡിസ്റ്റിലറീസ് തന്നെയാണ് ബെല്ല എന്ന പേരിലുള്ള ശര്‍ക്കര റമ്മും പുറത്തിറക്കിയിരിക്കുന്നത്.
75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുടെ തലതൊട്ടപ്പനായ നീലകണ്ഠറാവു ജഗ്‌ദേലയാണ് ഇതിന്റെ സ്ഥാപകന്‍. അമൃതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ബെല്ല റം ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക്മുമ്പ് തന്നെ, ചുരുക്കിപ്പറഞ്ഞാല്‍ നീലകണ്ഠറാവു ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ വികസിപ്പിക്കപ്പെട്ട ഒന്നായിരുന്നു ഈ ശര്‍ക്കര റം. എന്നാല്‍ ലൈസസന്‍സ് കിട്ടിയത് 2012 ല്‍. ഒടുവില്‍ റാവുവിന്റെ മരണത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്ല എന്ന ശര്‍ക്കര റം ഇന്ത്യയില്‍ വില്‍പന തുടങ്ങിയിരിക്കുകയാണ്.
100 ശതമാനം ശര്‍ക്കര കൊണ്ട് നിര്‍മിക്കുന്ന റം എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല, ഇന്ത്യന്‍ പൈതൃകത്തിന്റെ അതിമനോഹരമായ ഒരു ഇഴുകിച്ചേരലും ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. മാണ്ഡ്യയിലെ സഹ്യാദ്രി റേഞ്ചില്‍ കൃഷി ചെയ്യുന്ന കരിമ്പില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ശര്‍ക്കര ഉപയോഗിച്ചാണ് ബെല്ല തയ്യാറാക്കുന്നത്. കന്നഡ ഭാഷയില്‍ ബെല്ല എന്ന് പറഞ്ഞാല്‍ ശര്‍ക്കര എന്ന് തന്നെയാണ് അര്‍ത്ഥവും.
രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബെല്ല എന്ന ശര്‍ക്കര റമ്മിലെ അമൃത് ഡിസ്റ്റിലറീസ് ലോകത്തിന് പരിചയപ്പെടുത്തുന്നത്. അതിന് ശേഷം ബെംഗളുരുവില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനവും ലോഞ്ചിങും നടന്നു. ഇപ്പോള്‍ ഇന്ത്യയിലും അമേരിക്കയിലും ആണ് ബെല്ല ലഭ്യമായിരിക്കുന്നത്. വില മൂവായിരത്തി അഞ്ഞൂറ് രൂപയാണ്.
റമ്മിനോട് വളരെ സ്‌നേഹമുള്ളവരാണ് കേരളത്തിലുള്ള മദ്യപര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ് മങ്ക് തിരികെ എത്തിയപ്പോള്‍ ആ സ്‌നേഹം അവര്‍ പ്രകടിപ്പിച്ചതുമാണ്. എന്തായാലും കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യഷോപ്പുകളില്‍ ബെല്ല ഇതുവരെ ലഭ്യമായിട്ടില്ല.
Disclaimer: മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഈ വാര്‍ത്ത മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല.