കോട്ടയം: എസ്എഫ്ഐ (SFI) നേതാക്കൾക്കെതിരായ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതല. തന്നെ കയറിപ്പിടിച്ചെന്നും ബലാത്സംഗ ഭീഷണി മുഴക്കിയെന്നും ജാതിപേര് വിളിച്ച് അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് എഐഎസ്എഫ് (AISF) വനിതാ നേതാവ് പരാതി നൽകിയത്.
സെനറ്റ് തെരഞ്ഞെടുപ്പിനിടെ സർവകലാശാലയിലുണ്ടായ സംഘർഷത്തിനിടെ ലൈംഗിക അതിക്രമം നടന്നു എന്ന ഗുരുതരമായ ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റി (MG University) സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ സംഘർഷമുണ്ടായി. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.
എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കെതിരെ എഐഎസ്എഫ് സ്ഥാനാർഥിയെ നിർത്തയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ഈ സംഘർഷത്തിനിടെ എഐഎസ്എഫ് വനിതാ നേതാവ് എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
സംഭവത്തിന് പിന്നാലെ അക്രമത്തിന് ഇരയായ എഐഎസ്എഫ് പ്രവർത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തിയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...