പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം നേതാവ് ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ നാല് പേർ കൂടി അറസ്റ്റിൽ. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാർഥൻ, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സിദ്ധാർഥ്, ആവാസ് എന്നിവർക്കെതിരെ കൊലയാളികൾക്ക് ആയുധം കൈമാറി, ഗൂഡാലോചനക്കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മറ്റ് രണ്ട് പേരെ ഒളിച്ച കഴിയാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് പ്രതി ചേർത്തിരിക്കുന്നത്. ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്.
പിടിയിലായ ആവാസ് എന്നയാളെ കാണാനില്ലെന്ന് കാണിച്ച് ഇന്നലെ ഇയാളുടെ അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഒരു അഭിഭാഷക കമ്മീഷനെ കോടതി നിയോഗിക്കുകയും ചെയ്തു. എന്നാൽ ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രാത്രി ഏറെ വൈകിയാണ് പോലീസ് ആവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇയാൾക്കൊപ്പം കാണാതായെന്ന് പറയുന്ന ജായരാജിനെ കുറിച്ച് അറിവില്ല. ഇക്കാര്യത്തിൽ പോലീസ് മൗനം പാലിക്കുകയാണ്. കേസിൽ ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ പോലീസ് ഒറ്റയ്ക്കും കൂട്ടമായും ചോദ്യം ചെയ്ത് വരികയാണ്.
ഷാജഹാനെ കൊലപ്പെടുത്തിയതിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നും പ്രതികൾക്ക് പുറത്തു നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കിയത്. കേസിലെ ഒന്നാംപ്രതി നവീനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ല. കൊലപാതകം നടന്നയിടത്തേക്ക് പ്രതിയെ എത്തിച്ചാലുള്ള നാട്ടുകാരുടെ പ്രതികരണം പ്രവചനാതീതമാകും എന്നതാണ് തെളിവെടുപ്പ് വൈകാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. റിമാൻഡിലുളള നാല് പ്രതികൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും.
പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം ഉണ്ടായത്. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...