കോഴിക്കോട് : KSRTC ബസിനുള്ളിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായിരിക്കുന്നത്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ബസിലെ കണ്ടക്ടർ ഗൗരവം കാണിച്ചില്ലെന്നും അധ്യാപിക.
അധ്യാപിക സ്വയം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തൃശൂരിൽ വെച്ചാണ് സംഭവം നടക്കുന്നത്. പരാതി അറിയിച്ചിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ബസിലെ കണ്ടക്ടറും മറ്റ് യാത്രക്കാരും പെരുമാറിയെന്ന് അധ്യാപിക തന്റെ വീഡിയോയിൽ പറയുന്നു.
അതിക്രമം നടത്തിയാൾ മാപ്പ് പറഞ്ഞെങ്കിലും കണ്ടക്ടർ തന്നോട് തന്റെ ഭാഗത്തെ തെറ്റാണെന്ന മനോഭാവത്തോടെയാണ് പെരുമാറിയതെന്നാണ് ഇരയായ അധ്യാപിക പറയുന്നത്. തൃശൂരിൽ വെച്ച് പോലീസെത്തി സംസാരിച്ചെങ്കിലും കെഎസ്ആർടിസി ജീവനക്കാരൻ ഒരു തരത്തിലും തന്റെ തെറ്റ് അംഗീകരിക്കാൻ തയ്യറായിട്ടില്ലെന്നും ഇര പറയുന്നു.
സംഭവത്തിൽ കെഎസ്ആർടിസിക്കും കോഴിക്കോട് പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് അധ്യാപിക അറിയിച്ചു.
അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.. ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ KSRTC ബസ്സിനുള്ളിൽ..
കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി, ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു KSRTC ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക് പേടിയാവുന്നു.. പോലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല..
എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പോലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്...
ദയവായി പറയട്ടെ....
നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയർക്കരുത്... താങ്ങാൻ ആവില്ല അത്...
ഞാൻ ഇപ്പോൾ OK ആണ്, ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂർ ആയിട്ടും ആ KSRTC ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാൻ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല..
ഇനി പഴയ പോലെ, KSRTC മാസ്സാണ്, ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല!
This is a serious legal issue and i will address it that way only. Right now all i care is, i dont wanna lose hope in KSRTC and i dont wanna lose hope in humanity and human beings
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.