പത്തനംതിട്ട: നിയമന കോഴക്കേസിലെ മുഖ്യ കണ്ണി അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ യുവമോർച്ച നേതാവ് രാജേഷ് ഒളിവിൽ. അഖിൽ സജീവിന്റെ കൂട്ടാളിയായ യുവമോർച്ച നേതാവ് രാജേഷ് റാന്നി സ്വദേശിയാണ്. രാജേഷ് മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്ന് 4,39,340 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്.
സ്പൈസസ് ബോർഡ് നിയമന തട്ടിപ്പിൽ അഖിൽ സജീവ് 2.4 ലക്ഷം രൂപ കൈപ്പറ്റിയെന്നും യുവമോർച്ച നേതാവ് രാജേഷ് 91800 രൂപ വാങ്ങിയെന്നും വിവരങ്ങൾ പുറത്ത് വരുന്നു. അഖിൽ സജീവിനെ പോലീസ് ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്.
നിയമന കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമാണെന്നാണ് അഖിൽ സജീവ് മൊഴി നൽകിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ മൊഴി നൽകി. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസ് അഖിലിന്റെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.
പരാതിക്കാരൻ ഹരിദാസനുമായി അടുത്ത ബന്ധമുള്ള ബാസിത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. രണ്ട് ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ബാസിത്തും സുഹൃത്തുക്കളും ചേർന്നാണ് കോഴ നിയമനം ആസൂത്രണം ചെയ്തതെന്നാണ് അഖിൽ സജീവ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...