World Cancer Day 2023: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസറുകളും അതിന്റെ ലക്ഷണങ്ങളും

World Cancer Day 2023 : ജനങ്ങളിൽ കാൻസറിനെ കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ലോക ക്യാൻസർ ദിനം ആചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 12:46 PM IST
  • ജനങ്ങളിൽ കാൻസറിനെ കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ലോക ക്യാൻസർ ദിനം ആചരിക്കുന്നത്.
  • സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍.
  • പ്രധാനമായും സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറാണ് സ്തനാർബുദം. എന്നാൽ പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്.
  • പ്രായമായ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
World Cancer Day 2023:  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസറുകളും അതിന്റെ ലക്ഷണങ്ങളും

ഇന്ന്, ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുകയാണ്. ജനങ്ങളിൽ കാൻസറിനെ കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ലോക ക്യാൻസർ ദിനം ആചരിക്കുന്നത്. ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം അർബുദം എന്ന മഹാരോഗത്തെ പോരാടി ജയിക്കാൻ കഴിയുമെന്ന് വിശ്വാസം വളർത്തുകയും അതിനായി പരിശ്രമിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി കൊടുക്കുകയുമാണ്. പാരീസിൽ കാൻസറിനെ കുറിച്ച് നടത്തിയ ആദ്യ വേൾഡ് സമ്മിറ്റിലാണ് ലോക ക്യാൻസർ ദിനം ആചരിക്കാൻ തീരുമാനിച്ചത്. യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കണ്ട്രോൾ 1993 ലാണ് സ്ഥാപിതമായത്. 2000 ത്തിലാണ് യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കണ്ട്രോൾ ലോക ക്യാൻസർ ദിനത്തിന് ജന്മം നൽകിയത്.

മനുഷ്യന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ക്യാൻസർ ബാധിക്കാറുണ്ട്. അതിനാൽ ഓരോ തരം ക്യാൻസറിനെയും തിരിച്ചറിയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുള്ള  ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളുമാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഓറഞ്ച് റിബൺ യുവാക്കൾക്കിടയിൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്താനാണ്  ഉപയോഗിക്കുന്നത്. അതേസമയം പിങ്ക് റിബൺ സ്തനാർബുദ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കാൻസർ രോഗികൾക്കും അതിജീവിച്ചവർക്കും പ്രത്യാശ നൽകുന്നതിന്റെ പ്രതീകമായി അമേരിക്കൻ കാൻസർ സൊസൈറ്റി ഡാഫോഡിൽ പുഷ്പം ഉപയോഗിക്കുന്നുണ്ട്.

ALSO READ: World Cancer Day: ലോക ക്യാന്‍സര്‍ ദിനം; സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ അറിയാം

കാൻസർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഇൻ ഇന്ത്യ വെബ്സൈറ്റ് പുറത്തുവിടുന്ന  ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഒരു വര്ഷം ഏകദേശം 800,000 പുതിയ കാൻസർ കേസുകൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. ഏത് സമയത്തും ഇന്ത്യയിൽ ഏറ്റവും കുറഞ്ഞത് 240,000 കാൻസർ രോഗികൾ എങ്കിലും ഉണ്ട്. പുരുഷന്മാരിൽ 35 to 50% ക്യാൻസറുകൾക്കും കാരണമായി കണ്ടു വരുന്നത് പുകയില ഉപയോഗമാണ്, സ്ത്രീകളിൽ ഇത് 17 ശതമാനമാണ്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ക്യാൻസറുകളും ലക്ഷണങ്ങളും 

ശ്വാസകോശ അർബുദം

പ്രധാനമായും രണ്ട് തരം ശ്വാസകോശ അർബുദങ്ങളാണുള്ളത്. നോൺ-സ്മോൾ സെൽ ലംഗ് കാൻസർ, സ്മോൾ സെൽ ലം​ഗ് ക്യാൻസർ. ലം​ഗ് ക്യാൻസറിൽ ഏതാണ്ട് 85 ശതമാനവും നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസറാണ്. നാലാം ഘട്ട ശ്വാസകോശ അർബുദമുള്ള രോഗികളിൽ ടാർ​ഗെറ്റഡ് തെറാപ്പിയോ ഇമ്മ്യൂണോതെറാപ്പിയോ ചെയ്തവർ കൂടുതൽ കാലം അതിജീവിക്കുന്നതായാണ് കണ്ടുവരുന്നത്.

ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ : വിട്ടുമാറാത്ത ചുമ, നെഞ്ച് വേദന, കാരണമില്ലാദി ശരീരഭാരം കുറയുക, ശ്വാസം മുട്ടൽ.

സ്തനാർബുദം 

പ്രധാനമായും  സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറാണ് സ്തനാർബുദം. എന്നാൽ പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്.  പ്രായമായ സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്തനാർബുദം ജനിതകപരമായും ഉണ്ടാകാം. സ്തനാർബുദമുള്ള കുടുംബ ചരിത്രം, ബിആർസിഎ1, ബിആർസിഎ2ജീൻ വേരിയന്റുകളുടെ കുടുംബ ചരിത്രം, വൈകിയുള്ള ഗർഭധാരണം, വൈകിയുള്ള ആർത്തവവിരാമം, ഹോർമോൺ ചേഞ്ച് തെറാപ്പി എന്നിവ സ്തനാർബുദത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങളാണ്.

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ 

1) മുലഞെട്ടിന്റെ രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ 

2) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന.

3) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ

4) ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തിൽ ഒരു സ്തനത്തിൽ നിന്ന് വരുന്ന ദ്രാവകം അല്ലെങ്കിൽ നിപ്പിൾ ഡിസ്ചാർജ്

5) സ്തനത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം, ചൊറിച്ചിൽ, ചുണങ്

6) കോളർബോണിന് ചുറ്റും അല്ലെങ്കിൽ കൈക്ക് താഴെ ഉണ്ടാകുന്ന ചെറിയ മുഴ

7) മുലക്കണ്ണ് ഉള്ളിലേക്ക് തിരിയുന്നത്

8) ഒരു സ്തനത്തിന്റെ മാത്രം വലുപ്പം വർധിക്കുന്നത്

9) സ്തനത്തിന്റെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ കുരുക്കൾ

10) സ്തനത്തിൽ ഉള്ള മുഴ വലുതാകുന്നത്

11) വിശപ്പില്ലായ്മ

12) ഭാരക്കുറവ് 

13) കക്ഷത്തിലെ ലിംഫ് നോഡുകൾ വലുതാകുന്നത്

14) സ്തനത്തിലെ രക്തക്കുഴലുകൾ ദൃശ്യമാകുന്നത്

സെർവിക്കൽ കാൻസർ

സ്തനാര്‍ബുദം പോലെ തന്നെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഒന്നാണ് സെര്‍വിക്കല്‍ കാന്‍സര്‍. 'ഹ്യൂമന്‍ പാപ്പിലോമ വൈറസ്' (എച്ച്പിവി) ആണ് ഈ രോഗത്തിന് കാരണമാകുന്നത്. സ്പർശനത്തിലൂടെയും ലൈം​ഗിക ബന്ധത്തിലൂടെയുമാണ് ഈ വൈറസ് പകരുന്നത്. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. പലപ്പോഴും രോ​ഗലക്ഷണങ്ങൾ ഒന്നും കാണാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. വളരെ വൈകിയായിരിക്കും ചിലപ്പോൾ രോ​ഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുക. 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ

1)  ക്രമംതെറ്റിയുള്ള ആർത്തവം
2) ആർത്തവം ഇല്ലാത്ത ദിനങ്ങളിലും രക്തസ്രാവം
3) ആർത്തവ വിരാമത്തിന് ശേഷം ഉണ്ടാകുന്ന രക്തസ്രാവം
4) ലൈംഗികബന്ധത്തിന് ശേഷം രക്തം വരിക
5) ക്ഷീണം
6) ഭാരക്കുറവ്
7) വെള്ളപോക്ക്.
8) ഒരു കാലില്‍മാത്രം നീര് കാണപ്പെടുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News