Aditya L1 Mission: സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം

നമ്മുടെ സൗരയുധത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 02:44 PM IST
  • ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക.
  • ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും എന്നാണ് പ്രതീക്ഷ.
  • ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
Aditya L1 Mission: സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി – എക്സ്എൽസി57 റോക്കറ്റ് കൃത്യമായ ഭ്രമണപഥത്തിൽ പേടകത്തെ എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.‌ ശ്രീഹരിക്കോട്ടയിൽ നിന്നുയർന്ന ആദിത്യ എൽ 1 വിക്ഷേപണം നടത്തി 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് വേർപെട്ടത്. ഇന്ന് 4 മാസത്തെ യാത്രയാണ് ആദിത്യയ്ക്ക് മുൻപിലുള്ളത്. ഒന്നാം ലെഗ്രാഞ്ചേ ബിന്ദു ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ വിക്ഷേപിച്ചത്. വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12:10ന് തുടങ്ങിയിരുന്നു. 1480.7 കിലോ ഭാരമാണ് ആദിത്യ എൽ 1നുള്ളത്. ദൗത്യത്തിന്റെ ആദ്യ 3 ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും പേലോഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചു. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ ഓർബിറ്റിൽ ആദിത്യയെ സ്ഥാപിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എൽ 1 പോയിന്റിൽ നിന്ന് തടസ്സമോ മറവോ കൂടാതെ സൂര്യനെ വീക്ഷിക്കാനും പഠിക്കാനും കഴിയുമെന്നതിനാലാണ് ആദിത്യയെ ഒന്നാം ലഗ്രാഞ്ചിലേക്ക് അയയ്ക്കുന്നത്.

 

സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ട് പത്ത് ദിവസത്തിനുള്ളിലാണ് മറ്റൊരു സുപ്രധാന ദൗത്യം കൂടി ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്.

ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതൽ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിർത്തുന്നുവെന്ന് നിസംശയം പറയാം. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണിത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊർ‌ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടമാണ് ലക്ഷ്യം.  ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1 അതാണ്. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1.  സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. അതുകൊണ്ടുതന്നെ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം ഒപ്പം ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്‍റും മാറുന്നതിനാൽ 365 ദിവസം കൊണ്ട് ആദിത്യ എൽ വണ്ണും സൂര്യനെ ചുറ്റി വരും എന്നാണ് പ്രതീക്ഷ. ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ നാലെണ്ണം റിമോട്ട് സെൻസിങ്ങ് ഉപകരണങ്ങളാണ്. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എഞ്ചിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും. എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്‍റിന് സമീപം എത്തിക്കുന്നതാണ് ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എഞ്ചിന്റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും. ഏതാണ്ട് മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, പ്ലാസ്മാ പ്രവാഹം, കാന്തികക്ഷേത്രം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി 7 പേലോഡുകളും ആദിത്യയിലുണ്ട്.  ആദിത്യ എല്‍ 1ന്റെ പ്രത്യേകത രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്നുള്ളതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News