ന്യുഡൽഹി: കോറോണ ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ICMR തള്ളിയതായി റിപ്പോർട്ട്.
മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ വക്താവിനെ ഉദ്ധരിച്ച് ദി പ്രിന്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതുല്യഗംഗ എന്ന സംഘടനയാണ് ഗംഗാജലത്തിന്റെ സവിശേഷതകളുയര്‍ത്തി കോവിഡ് ചികിത്സയ്ക്ക് ഗംഗാജലം ഉപയോഗിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.
Also read: പറന്നിറങ്ങിയ റഷ്യൻ വിമാനം മടങ്ങിയത് 50 ടൺ മരുന്നുമായി
ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ കേന്ദ്ര ജലവകുപ്പിനേയും പ്രധാനമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. ഇതുപ്രകാരം ഏപ്രില്‍ 30-നാണ് നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ, നമാമി ഗംഗം പ്രോഗ്രാം അധികൃതര്‍ എന്നിവര്‍ ഈ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ICMR ന് കത്തെഴുതിയത്.
ഗംഗയിലെ വെള്ളത്തില്‍ ഹാനികരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ബാക്ടീരിയോഫേജ് എന്ന വൈറസ് ഉണ്ടെന്നും ഐഐടി കാണ്‍പൂര്‍, ഐഐടി റൂര്‍ക്കി, ഐഐടിആര്‍, സിഎസ്ഐആര്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥിരീകരിച്ചുവെന്നും അതുല്യഗംഗ അവകാശപ്പെട്ടു. ഇതിൽ കൂടുതൽ പഠനം നടത്തണമെന്ന് അതുല്യഗംഗ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം ICMR ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ജലമന്ത്രാലയത്തില്‍ നിന്നും ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരുന്നുവെന്നും വിഷയത്തില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ഈ പഠനം നടത്താന്‍ തയ്യാറാവുന്ന ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും പറഞ്ഞുതരണമെന്നും അവര്‍ തയ്യാറായാല്‍ ICMR തീര്‍ച്ചയായും സഹായിക്കുമെന്ന് അവരെ അറിയിച്ചതായി ICMR വക്താവ് അറിയിച്ചു.
ഇപ്പോള്‍ ഞങ്ങള്‍ കോറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണെന്നും ഇതിനിടയ്ക്ക് ഇത്തരം കാര്യങ്ങളില്‍ പഠനം നടത്തി സമയം കളയാനില്ലെന്നും ICMR വക്താവ് പറഞ്ഞു.