New Delhi: രാജ്യ തലസ്ഥാനത്ത് താമസിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തില്‍ ..!!
കഴിഞ്ഞ 9 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കോവിഡ് (Covid-19) വ്യാപന നിരക്കാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24മണിക്കൂറിനിടെ 96 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 30ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കോവിഡ് വ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടാതെ 9 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയില്‍ ഇതുവരെ 6,34,325 പേര്‍ക്കാണ് കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചത്. കഴിഞ്ഞ 24മണിക്കൂറില്‍ 212 പേര്‍ രോഗമുക്തി നേടി. ഇതുവരെ 6,21,995 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍, കോവിഡ് മൂലം ജീവഹാനി സംഭവിച്ചത് 10,829 പേര്‍ക്കാണ്. 1501 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, കേരളത്തില്‍ സ്ഥിതി തികച്ചും വിഭിന്നമാണ്. മരണസംഖ്യ (Covid death) ഉയരുന്നത് തടയാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നത് പ്രശംസനീയംതന്നെ. എന്നാല്‍, കോവിഡ് വ്യാപനം നിലവില്‍ രാജ്യത്തെ ഉയര്‍ന്ന നിലയില്‍തന്നെ തുടരുകയാണ് കേരളത്തില്‍ എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്.
സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. 5,006 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് 10 പേരില്‍ ഇതിനോടകം ജനിതക മാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,663 ആയി.