New Delhi: ഇന്ത്യയിൽ 3.23 ലക്ഷം പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു, തിങ്കളാഴ്ചയെക്കാൾ 8.4 ശതമാനം കുറവാണ് ഇന്നത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറുകളിൽ 2771 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രോഗബാധ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായഹസ്തവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്.
തുടർച്ചയായ ആറാം ദിവസമാണ് രാജ്യത്തെ (India) കോവിഡ് രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടക്കുന്നത്. ഇതുവരെ ആകെ 1.76 കോടി ജനങ്ങൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗബാധ മൂലമുള്ള മരണസംഖ്യ രണ്ട് ലക്ഷത്തോട് അടുത്തു. ഇതുവരെ ആകെ 1,97,894 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ രേഖപ്പെടുത്തിയിരുന്ന മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 48,700 പേർക്കാണ്. മുംബൈയിലും കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: Covid Second Wave: UK യിൽ നിന്നും ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിലെത്തി
മഹാരാഷ്ട്ര കഴിഞ്ഞാൽ കേരള, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ ഉള്ളത്. കർണാടകയിൽ കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 2 ആഴ്ച ലോക്ക്ഡൗൺ (Lockdown) പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 29,744 പേർക്കാണ് കർണാടകയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 16,545 കേസുകളും ബംഗളൂരുവിൽ നിന്നാണ്.
കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ യുകെയിൽ (UK) നിന്നുള്ള ആദ്യഘട്ട കോവിഡ് വൈദ്യ സഹായങ്ങൾ ഇന്ന് രാവിലെ ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രാലയമാണ് വിവരം അറിയിച്ചത്. 100 വെന്റിലേറ്റർസ്, 95 ഓക്സിജൻ കോൺസെൻട്രേറ്റേഴ്‌സ് എന്നിവ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്.
ALSO READ: Covid Second Wave:അമേരിക്കക്ക് പിന്നാലെ സഹായ ഹസ്തവുമായി ഫ്രാൻസും
9 കണ്ടെയ്നറുകളായി ആണ് ബ്രിട്ടൺ വൈദ്യ സഹായങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നത്. ഇതിൽ 495 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 120 വെന്റിലേറ്ററുകൾ, 20 മാനുവൽ വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടും. ന്യൂ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് ഉപകരണങ്ങൾ എല്ലാം ഈ ആഴ്ചയിൽ തന്നെ ഇന്ത്യയിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...