ഭുവനേശ്വർ: രാജ്യത്ത് കോവിഡ് -19 കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഒഡീഷ സർക്കാർ. ഒന്ന് മുതൽ അഞ്ച് വരെയള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ പ്രൈമറി സ്‌കൂളുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്ആർ ദാഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങളും തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി മൂന്ന് മുതൽ സ്കൂളുകൾ തുറക്കാൻ എടുത്ത തീരുമാനം മരവിപ്പിച്ചത്. ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നിലവിൽ ക്ലാസുകൾ ആരംഭിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒഡീഷയിൽ ഞായറാഴ്ച 424 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ കേസുകൾ 10,55,556 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭുവനേശ്വറിൽ നിന്നുള്ള 75 കാരി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 8,463 ആയി ഉയർന്നു. ഖുർദയിലാണ് ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 177 കേസുകളാണ് ഖുർദയിൽ റിപ്പോർട്ട് ചെയ്തത്. കട്ടക്കിൽ 45 കേസുകളും റിപ്പോർട്ട് ചെയ്തു. പുതുതായി രോഗം ബാധിച്ചവരിൽ 67 കുട്ടികളും ഉൾപ്പെടുന്നു. ഒഡീഷയിൽ നിലവിൽ 2,078 സജീവ കേസുകളുണ്ട്. 10,44,962 പേർ രോഗമുക്തരായി.
രാജ്യത്തെ ഒമിക്രോൺ കേസുകൾ 1,525 ആയി ഉയർന്നു. മഹാരാഷ്ട്രയും ഡൽഹിയുമാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ഒമിക്രോൺ സ്ഥിരീകരിച്ച 560 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 460 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി (351), ഗുജറാത്ത് (136), തമിഴ്‌നാട് (117), കേരളം (109) എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടിക.
രാജസ്ഥാൻ (69), തെലങ്കാന (67), കർണാടക (64), ഹരിയാന (63), പശ്ചിമ ബംഗാൾ (20), ആന്ധ്രാപ്രദേശ് (17), ഒഡീഷ (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ ഉയരുകയാണ്. മധ്യപ്രദേശിൽ (9) ഉത്തർപ്രദേശും ഉത്തരാഖണ്ഡും (8 വീതം), ചണ്ഡീഗഡ്, ജമ്മു കശ്മീർ (3 വീതം), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (രണ്ട്), ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, പഞ്ചാബ് (ഓരോ കേസുകൾ വീതം) എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ കുറഞ്ഞ ഇടങ്ങളിലെ കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...