പനാജി: ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
കൂടാതെ, ആറ് മാസത്തിനകം വിചാരണപൂര്ത്തിയാക്കാനും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി കല്പിച്ചത്.
തരുണ്‍ തേജ്പാലിനെതിരായ പരാതി ഗുരുതരമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി, ഇരയുടെ സ്വകാര്യതക്ക് മേലുള്ള അതിക്രമം കൂടിയാണ് നടന്നെതന്നും വിധിയില്‍ വ്യക്തമാക്കി. വിചാരണക്ക് ചുമത്തിയിരുന്ന സ്റ്റേ നീക്കിയ കോടതി ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഗോവയിലെ അതിവേഗ കോടതിയുടെ പരിഗണനയിലാണ് കേസ്. കുറ്റവിമുക്തനാക്കണമെന്ന ആവശ്യം 2017ല്‍ മുംബൈ ഹൈക്കോടതി തള്ളിയതോടെ തേജ്പാല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2013 സെപ്റ്റംബറില്‍ പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റില്‍ വച്ച് തേജ്പാല്‍ ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു സഹപ്രവര്‍ത്തക നല്കിയ പരാതി. കേസില്‍ അറസ്റ്റിലായ തേജ്പാല്‍ 2014ല്‍ ജാമ്യത്തിലിറങ്ങിയിരുന്നു.
ഗോവയിലെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീമായി വേട്ടയാടുകയാണെന്നും പീഡന ആരോപണം വ്യാജമാണെന്നുമാണ് തേജ്പാലിന്റെ വാദം.