നിയമസഭാ തെരഞ്ഞെടുപ്പടുത്ത ത്രിപുരയിൽ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷത്തിനും കടുത്ത വെല്ലുവിളിയാണ് ടിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം (ടിപ്ര മോത) ഉയർത്തുന്നത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ആറു മാസത്തിൽ താഴെ മാത്രം ശേഷിക്കെ, ആദിവാസി അധിഷ്‌ഠിതമായ, തിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം ആദിവാസി-ഗോത്രവിഭാഗങ്ങൾക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ പ്രധാന ശക്തിയായി അതിവേഗം ഉയർന്നുവരുന്നത് കാണാം. ത്രിപുര നിയമസഭയിൽ ബിജെപിക്കാണ് ഭൂരിപക്ഷമെങ്കിൽ രണ്ടാമത്തെ പ്രധാനപ്പെട്ട നിയമനിർമ്മാണസഭയെന്ന് അറിയപ്പെടുന്ന ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് കൗൺസിലിൽ (TTAADC) തിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യമാണ് ഭരണകക്ഷി.
ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ 1985-ൽ സ്ഥാപിതമായ ടിടിഎഎഡിസിക്ക് ത്രിപുരയുടെ 10,491 ചതുരശ്ര കിലോമീറ്ററിന്റെ മൂന്നിൽ രണ്ട് ഭാഗവും അധികാരപരിധിയുണ്ട്. 12,16,000-ത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശമാണിത്. അതിൽ 84 ശതമാനവും ഗോത്രവർഗക്കാരാണ്. അവർക്കിടയിൽ ടിപ്ര മോതയുടെ വളരുന്ന ജനപ്രീതി ഭരണകക്ഷിയായ ബിജെപിയുടെയും പ്രതിപക്ഷ പാർട്ടികളുടെയും നിലനിൽപ്പു തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ്.
ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ 20 ഗോത്ര സംവരണ സീറ്റുകളും 10 പട്ടികജാതി സംവരണ സീറ്റുകളും സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടികളുടെ പരമ്പരാഗത കോട്ടകളായിരുന്നു. 2018ൽ കൗൺസിലിൽ ആർക്കും ഇടനൽകാതെ ഇടതുപക്ഷം (സിപിഎം സഖ്യം) തൂത്തുവാരി. പക്ഷെ 2021 ഏപ്രിൽ 6 ലെ തിരഞ്ഞെടുപ്പിൽ 30 അംഗ ടിടിഎഎഡിസിൽ 18 സീറ്റുകൾ നേടി (46.73% വോട്ടുകൾ) തിപ്ര തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം (ടിപ്ര മോത) അധികാരത്തിലെത്തി. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്ക് 9 സീറ്റുകൾ (18.72% ) മാത്രമാണ് നേടാനായത്. അവരുടെ സഖ്യകക്ഷിയായ പ്രവർത്തിക്കുന്ന എൻസി ദേബർമയുടെ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര ( ഐ പി എഫ് ടി- എൻ സി ) ബിജെപിയേക്കാൾ 3 സീറ്റുകളിൽ കൂടുതൽ മത്സരിച്ചിട്ടും 10.62% വോട്ടുകൾ നേടിയെന്നതല്ലാതെ സീറ്റുകൾ ഒന്നും തന്നെ ലഭിച്ചില്ല. 2005 മുതൽ എഡിസിയുടെ ഭരണം കയ്യാളിയിരുന്ന സിപിഐ(എം) 14.51% വോട്ട് വിഹിതം നേടി. പക്ഷെ സീറ്റുകളൊന്നും ലഭിച്ചില്ല.
ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ അധികാരം ലഭിച്ചതോടെ ഇടതുപക്ഷത്തെ പിന്തള്ളി ടിപ്ര മോത ആദിവാസി മേഖലയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി. ത്രിപുര നിയമസഭയ്ക്ക് ശേഷം, സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഒരു 'മിനി നിയമസഭ'യായി ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ മാറി. അതിനുശേഷം, തദ്ദേശീയ സമൂഹങ്ങൾക്കുള്ള പ്രത്യേക സംസ്ഥാനമായ 'ഗ്രേറ്റർ ടിപ്രലാൻഡ്' എന്ന മുദ്രാവാക്യവുമായി ടിപ്ര മോത രൂപീകരിച്ച് മുൻരാജകുടുംബാംഗം പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമാന്റെ കടന്നുവരവ്. ഗോത്രമേഖലയിൽ മോത അതിന്റെ ശക്തി വർദ്ധിപ്പിച്ചു. ഐ പി എഫ് ടി (തിപ്ര), ടിപ്രലാൻഡ് സ്റ്റേറ്റ് പാർട്ടി, അതിന്റെ സഖ്യകക്ഷിയായ ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ടിപ്ര എന്നിവ പ്രദ്യോതിന്റെ പാർട്ടിയിൽ ലയിച്ചു. ടിപ്രലാൻഡ് എന്ന ഈ മുദ്രാവാക്യം ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന മലയോര രാഷ്ട്രീയത്തിനൊപ്പം ത്രിപുരയുടെ രാഷ്ട്രീയ ഭൂപടവും മാറ്റിമറിച്ചു.
2018-ൽ ത്രിപുരയിൽ ബിജെപിയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഐ പി എഫ് ടിയുടെ (എൻസി) ഗോത്ര അടിത്തറ. ബിജെപിയുടെ സഖ്യകക്ഷിയായി അധികാരത്തിലെത്തിയതോടെ പ്രത്യേക സംസ്ഥാനമെന്ന ഐ പി എഫ് ടിയുടെ (എൻസി) ആവശ്യം മന്ദഗതിയിലായി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ആദിവാസി പാർട്ടികളിലൊന്നായ ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ത്രിപുരക്കുള്ളിലെ ആഭ്യന്തര കലഹം ശക്തമായി. നിലവിലെ സംസ്ഥാന റവന്യൂ മന്ത്രി എൻ സി ദെബർമയുടെ നേതൃത്വത്തിലും മറ്റൊന്ന് ഗോത്രവർഗ ക്ഷേമമന്ത്രിയായിരുന്ന മേവാർ ജമാതിയയുടെ നേതൃത്വത്തിലും രണ്ട് വിഭാഗങ്ങളായി ഐ പി എഫ് ടിയെ പിളർപ്പിലേക്ക് നയിച്ചു. മേവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ടിപ്ര മോതയിൽ ലയിച്ചു. മേവാർ ഔദ്യോഗികമായി മോതയിൽ ചേർന്നിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ ഗീത ദെബർമ പ്രദ്യോതിന്റെ പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ വർഷം, സിംന (എസ്ടി) മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബൃഷകേതു ദേബ്ബർമ മോതയിൽ ചേർന്നു. ഐ എഫ് പി ടി (എൻസി)യുമായുള്ള സഖ്യം തുടരാൻ ബിജെപിക്ക് താൽപ്പര്യമുണ്ടെങ്കിലും, 2018ൽ അസംബ്ലിയിലേക്ക് നല്കിയ 9 സീറ്റ് വാഗ്ദാനം ഇക്കുറി ബിജെപി ആവർത്തിക്കാൻ സാധ്യതയില്ല. അതിനാൽ ഐ എഫ് പി ടി (എൻസി)ക്കും നിലനിൽപ്പിൽ ആശങ്കയുണ്ട്.
ത്രിപുരയിലെ നാലുലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്നതാണ് ഗോത്രവർഗ്ഗക്കാർ. 60 അംഗ ത്രിപുര അസംബ്ലിയിൽ 20 സീറ്റുകൾ ഗോത്രവർഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. അതിന് പുറമെ 15-16 അസംബ്ലി സീറ്റുകളിൽ ഗണ്യമായ സാന്നിധ്യവും വോട്ട് ബാങ്കും ഗോത്രജനവിഭാഗത്തിനുണ്ട്. ത്രിപുരയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വളരെ നിർണായക പങ്ക് വഹിച്ച ചരിത്രത്തിന്റെ പിൻബലവും ഇവർക്ക് സ്വന്തമാണ്. അക്കാര്യം അരക്കിട്ടുറപ്പിക്കുന്ന റാലിയാണ് 2022 നവംബർ 12 ന് അഗർത്തലയുടെ ഹൃദയഭാഗത്ത് ടിപ്ര മോത്ത സംഘടിപ്പിച്ചത്. പാർട്ടിയുടെ തലവൻ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബർമാന്റെ വസതിയായി പ്രവർത്തിക്കുന്ന ഉജ്ജയന്ത കൊട്ടാരത്തിന് നൂറു മീറ്റർ അകലെയായിരുന്നു ബഹുജന സമ്മേളനം. സംസ്ഥാനത്തെ 60 അസംബ്ലി മണ്ഡലങ്ങളിൽ 20 എണ്ണവും അടങ്ങുന്ന ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ (ടിടിഎഎഡിസി) പരിമിതപ്പെടുത്തിയിട്ടുള്ള പാർട്ടിയായിട്ടാരുന്നു ഏവരും ടിപ്ര മോതയെ കണ്ടത്. എന്നാൽ തങ്ങളെ തള്ളിക്കളഞ്ഞ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനത്തിനാണ് അഗർത്തല സാക്ഷിയായത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബഹുകോണ മത്സരമുണ്ടായാൽ നാൽപതോളം വരുന്ന "ആദിവാസി ഇതര" സീറ്റുകളിൽ ചിലതിൽ ടിപ്ര മോത വരുത്തിയേക്കാവുന്ന നാശത്തെക്കുറിച്ച് ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. ജനിച്ച് കേവലം രണ്ട് വയസു പിന്നിട്ട ഈ പാർട്ടിക്ക് ത്രിപുരയുടെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 68% ഉൾക്കൊള്ളുന്ന ടിടിഎഎഡിസിയിൽ മാത്രമല്ല, അതിന്റെ “കംഫർട്ട് സോണിന്” അപ്പുറത്തുള്ള പൊതു മണ്ഡലങ്ങളിലും വലിയ വെല്ലുവിളി ഉയർത്താൻ സാധിക്കും. കൂടാതെ ഗോത്രവർഗേതര ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളും ദേബ് ബർമാന്റെ പാർട്ടി നടത്തുന്നുണ്ട്. അതായത് ടിപ്ര മോത ബിജെപിക്ക് ഏറ്റവും വലിയ വെല്ലുവിളിയായി മാറി. 2018 വരെ 25 വർഷം ത്രിപുര ഭരിച്ച സിപിഐഎമ്മും, കോൺഗ്രസും ബർമാന്റെ ടിപ്ര മോതയുമായി തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ തേടുന്നുണ്ട്.എന്നാൽ ദേബ് ബാർമാൻ അത്തരമൊരു ഉടമ്പടി നിരസിച്ചിട്ടുണ്ടെങ്കിലും ഒരു മൗനധാരണയിൽ എത്തിയെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
അതേസമയം,ഗോത്രവർഗക്കാർക്കിടയിൽ പിന്തുണ വീണ്ടെടുക്കുന്നതിനായി സിപിഐ(എം) ശ്രമങ്ങൾ ഊർജ്ജിതമാക്കി. പാർട്ടിയുടെ ഗോത്ര വിഭാഗമായ ഗണ മുക്തി പരിഷത്തിന്റെ പ്രസിഡന്റായ ജിതേന്ദ്ര ചൗധരിയെ സംസ്ഥാന സെക്രട്ടറിയായി കഴിഞ്ഞ വർഷം നിയമിച്ചു. ഇടത് സംഘടനകളും മലയോരത്ത് പ്രവർത്തനം വർധിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, ടിടിഎഎഡിസിയുടെ ശാക്തീകരണം, ഗോത്രവർഗക്കാരുടെ ഭാഷാ ഭാഷയായ കോക്‌ബോറോക്ക് ഉൾപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജിഎംപി യുവജന സംഘടനയായ ട്രൈബൽ യൂത്ത് ഫെഡറേഷനുമായി ചേർന്ന് അഗർത്തലയിൽ ബഹുജന റാലി നടത്തി. വൈകാരികമായ ആവശ്യങ്ങളിലൂടെ ദീർഘകാലത്തേക്ക് തിരഞ്ഞെടുപ്പിൽ നേടമുണ്ടാക്കാൻ കഴിയില്ലെന്ന സുപ്രധാന സന്ദേശം ചുരുങ്ങിയ സമയത്തിനുള്ളിൽ ഐ പി എഫ് ടി (എൻ സി)യുടെ ഉയർച്ചയും തകർച്ചയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതാണ് സിപിഎമ്മിന് പ്രതീക്ഷ നൽകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...