തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ സ്കൂളിൽ വിശിഷ്ടാതിഥിയായി ജഗതി ശ്രീകുമാർ. ഗ്രാൻപേരന്റ് ഡേ ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് ജഗതി ശ്രീകുമാർ എത്തിയത്. ചിങ്ങം ഒന്ന് ആയതിനാൽ മലയാള തനിമയോടെയായിരുന്നു അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. പട്ടുപാവടയണിഞ്ഞ് കുരുന്നുകൾ അദ്ദേഹത്തെ സ്വീകരിക്കാനായി നിരന്നു നിന്നിരുന്നു. കളഭക്കുറി ചാർത്തി ബാന്‍റ് മേളത്തിന്‍റെ അകമ്പടിയോടെയും വലിയ കയ്യടികളോടയെുമാണ് ജഗതി ശ്രീകുമാറിനെ സ്വീകരിച്ചത്. ഒരു ചെറു പുഞ്ചിരിയോടെയാണ് ഓഡിറ്റോറിയത്തിലേക്ക് താരം പ്രവേശിച്ചത്.
ജഗതിയ്ക്ക് പുറമെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷിണി ജി.എസ്, കഥകളി മണ്ഡലം ആർട്ടിസ്റ്റ് കലാനിലയം ബാബു തുടങ്ങിയവരും വിശിഷ്ട അതിഥികളായി എത്തി. കലാനിലയം ബാബുവിന്റെ മദ്ദളമേളം ചടങ്ങിന് മാറ്റ് കൂട്ടി. തുടർന്ന് കുട്ടികൾ ജഗതിയ്ക്കായി വിവിധ സ്കിറ്റുകളും ട്രിബ്യൂട്ടുകളും അവതരിപ്പിച്ചു. താൻ അഭിനയിച്ച ചിത്രങ്ങളിലെ കോമഡി രംഗങ്ങൾ കൂട്ടികള്‍ വീണ്ടും അവതരിപ്പിച്ചപ്പോൾ സദസിലിരുന്ന് അദ്ദേഹം പുഞ്ചിരി തൂകി. ഡാൻസും പാട്ടുമായി വേദി കൊഴുത്തപ്പോൾ ഇടക്കിടെ ജഗതി തലകുലുക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളെയെല്ലാം ഒന്നിച്ച് കണ്ടതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു. വേദിയിൽ നിന്ന് മടങ്ങും മുമ്പ് പ്രിയപ്പെട്ട കുട്ടികളെ നോക്കി കൈവീശി പുഞ്ചിരിച്ച് എല്ലാവരോടുമായി യാത്ര പറയുകയും ചെയ്തു.
പ്രിയപ്പെട്ട നടന്‍റെ അടുത്ത് നിന്ന് ഫോട്ടോ എടുക്കാന്‍ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ജഗതിക്കൊപ്പം ഭാര്യയും മകനും ഉണ്ടായിരുന്നു. ഒരുപാട് കുട്ടികളുടെ സ്നേഹവും പുഞ്ചിരിയും ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം വേദിയിൽ നിന്ന് മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...