തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം നടക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ. ഉയർന്ന അന്തരീക്ഷ താപനില തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്ലാന്റിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഇന്നത്തോടെ തീ പൂർണമായി അണയ്ക്കാൻ കഴിയുമെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രശ്നം ഗൗരവമുള്ളതാണ്, ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായും വി.ഡി.സതീശന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവിൽ പരിഭ്രാന്തിപ്പെടേണ്ട അന്തരീക്ഷം ഇല്ലെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ വായുവിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷാസേന വാഹനങ്ങൾക്ക് മാലിന്യം കിടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല എന്നൊരു പ്രശ്നമുണ്ടായിരുന്നു. തീ അണയ്ക്കാനുള്ള ഏകോപനത്തിന് വിവിധ വകുപ്പുകളുടെ സംവിധാനം ഉണ്ടാക്കി. ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ ക്രമീകരിച്ചു.
മാലിന്യം പല അടുക്കായതിനാൽ തീ അണയ്ക്കാൻ സമയമെടുത്തുവെന്നും മാലിന്യസംസ്കരണത്തിന് ദീർഘകാല ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുതിയ പ്ലാന്റ് വരുന്നതോടെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാകും. 2026ൽ സമ്പൂർണമായി മാലിന്യനിർമാര്‍ജനം നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തീപിടിത്തത്തെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരത്തെ രണ്ട് കരാറുകാരും കരാർ അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കരാർ നീട്ടി നൽകണമെങ്കിൽ പരിശോധന നടത്തണമെന്നും അത് ഒഴിവാക്കാനുള്ള അട്ടിമറി നീക്കം തീപിടിത്തത്തിന് പിന്നിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോടികളുടെ അഴിമതി ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് മാലിന്യ പ്ലാന്റിൽ തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:45 ഓടെ തീ അനിയന്ത്രിതമാകുകയായിരുന്നു. കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിലേക്ക് കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതൽ പടരുകയായിരുന്നു. പ്ലാന്റിനടുത്തുള്ള വീടുകളിൽ നിന്ന് മിക്ക ആളുകളും മാറിത്താമസിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തിപ്പടരുകയായിരുന്നു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായതാണ് റിപ്പോർട്ട്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...