K Sudhakaran: രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ; കെ.സുധാകരന്‍ എംപി

K. Sudhakaran MP: ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇന്നും വിശ്വസിക്കുന്ന സംഘപരിവാര്‍  അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 07:17 PM IST
  • ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത്.
  • വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രദര്‍ശനം പോലും കൊട്ടിയടക്കപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.
K Sudhakaran: രാഹുല്‍ ഗാന്ധിയെ തടഞ്ഞത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ; കെ.സുധാകരന്‍ എംപി

ഇന്ത്യന്‍ ജനത അവരുടെ യഥാര്‍ത്ഥ നായകനായി രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചതിന്റെ  വെപ്രാളത്തിലാണ് ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അയോധ്യ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി രാഷ്ട്രീയ നാടകം നടത്തുമ്പോള്‍ ഒരു വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രത്തില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഫാസിസത്തിന്റെ അങ്ങേയറ്റമാണ്. രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളുടെയും അപ്പോസ്തലന്‍ ആകാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. 

ഹിന്ദുമതത്തിന്റെ കുത്തക ബിജെപിക്ക് ആരും തീറെഴുതി നല്‍കിയിട്ടില്ല. ചാതുര്‍വര്‍ണ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇന്നും വിശ്വസിക്കുന്ന സംഘപരിവാര്‍  അജണ്ട ഹിന്ദുവിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.  ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍മാത്രം വിശ്വാസികളെന്ന തരത്തിലാണ് സംഘപരിവാര്‍ ഹൈന്ദവ മതത്തെ രാഷ്ട്രീയവത്കരിക്കുന്നത്. വിശ്വാസിയായ രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രദര്‍ശനം പോലും കൊട്ടിയടക്കപ്പെട്ടത്  അങ്ങേയറ്റം അപലപനീയമാണ്.

ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടന വേളയില്‍ അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അര്‍പ്പിക്കാനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞ നടപടി ഇന്ത്യന്‍ പൗരന്റെ ആരാധന സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ്.രാഹുല്‍ കറകളഞ്ഞ മതേതര ജനാധിപത്യവാദിയും ഒരു യഥാര്‍ത്ഥ വിശ്വാസിയുമാണ്. മോദിയെപ്പോലെ രാഷ്ട്രീയ നേട്ടത്തിന് ക്ഷേത്രദര്‍ശനം നടത്തുന്ന വ്യക്തിയല്ല അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ: ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണം; കര്‍ഷകന് ഗുരുതര പരിക്ക്

പത്തുവര്‍ഷം രാജ്യം ഭരിച്ചിട്ടും ജനത്തിന് വേണ്ടി ഒന്നും ചെയ്യാതെ അവരെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടെ കൈമുതല്‍. രാജ്യത്ത്  തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം എന്നിവ വര്‍ധിച്ചു.സാധാരണ ജനങ്ങളെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മോദി ഭരണകൂടത്തിനായിട്ടില്ല. സമസ്ത മേഖലയിലും വികസന മുരടിപ്പാണ്. മോദി ഭരണത്തില്‍ ജനത്തിന് പ്രതീക്ഷയറ്റു. നേട്ടങ്ങളുടെ പട്ടികയില്ലാത്തതിനാല്‍  വിശ്വാസങ്ങളെ കൂട്ടുപിടിച്ച് വീണ്ടും അധികാരം നേടാനുള്ള കുത്സിത ശ്രമങ്ങളാണ് മോദിയും ബിജെപിയും നടത്തുന്നത്. 

ബിജെപിയുടെ ആ കാപട്യം തിരിച്ചറിഞ്ഞ ഇന്ത്യന്‍ ജനത രാഹുല്‍ ഗാന്ധിയില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുകയാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയിലും ഇപ്പോഴത്തെ  ഭാരത് ജോഡോ  ന്യായ് യാത്രയിലും പതിനായിരങ്ങള്‍ അണിനിരക്കുന്നത്. അതില്‍ വിളറിപൂണ്ട ബിജെപിയാണ് വ്യാപക അക്രമം യാത്രക്ക് നേരെ നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു. അസമില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത്  ജോഡോ ന്യായ് യാത്ര പ്രവേശിച്ചത് മുതല്‍ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്  മുഖ്യമന്ത്രി ഹിമന്ത  ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍  നടക്കുന്നത്. 

രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തിന്റെ  വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും   അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്ന വഴികളിലെ പരിപാടികള്‍ക്ക് അസം സര്‍ക്കാര്‍ അകാരണമായി അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് പതാകകളും ബാനറുകളും നശിപ്പിച്ചു. ഭാരത്  ജോഡോ ന്യായ് യാത്രക്കും രാഹുല്‍ ഗാന്ധിക്കും ജനങ്ങളില്‍നിന്ന് ലഭിക്കുന്ന സ്വീകാര്യതയും പിന്തുണയും ബിജെപിയെ വിറളിപിടിപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്  മതിയായ സുരക്ഷ ഒരുക്കുന്നതില്‍ അസം സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News