Fire Accident: വർക്കലയിലെ യോഗ സെന്ററിൽ തീപിടിത്തം; ഹാൾ പൂർണ്ണമായും കത്തി നശിച്ചു

Fire At Yoga Centre: യോഗ ഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 11:30 AM IST
  • വർക്കലയിലെ യോഗ സെന്ററിൽ തീപിടിത്തം
  • ഹിൽ വ്യൂ റിസോർട്ടിലെ യോഗ സെന്ററിൽ തീപിടുത്തം
  • ഈ സമയം ഇവിടെ വിദേശികൾ ഉൾപ്പെടെ നിരവധിപേർ യോഗ ചെയ്യാനായി ഉണ്ടായിരുന്നു
Fire Accident: വർക്കലയിലെ യോഗ സെന്ററിൽ തീപിടിത്തം; ഹാൾ പൂർണ്ണമായും കത്തി നശിച്ചു

തിരുവനന്തപുരം: വർക്കല ഹെലിപ്പാട് നോർത്ത് ക്ലിഫിൽ പ്രവർത്തിക്കുന്ന ഹിൽ വ്യൂ  റിസോർട്ടിലെ യോഗ സെന്ററിൽ തീപിടുത്തം.  ഇന്ന് രാവിലെ 8:45 ഓടെ തീപിടുത്തം ഉണ്ടായത്.  ഈ സമയം ഇവിടെ വിദേശികൾ ഉൾപ്പെടെ നിരവധിപേർ യോഗ ചെയ്യാനായി ണ്ടായിരുന്നു. തീ പടർന്ന് പിടിക്കുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞു വർക്കല ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. 

Also Read: Fire Accident: വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടുത്തം; 3 വാഹനങ്ങൾ കത്തിയമർന്നു

ഷീറ്റ് മേഞ്ഞ യോഗ ഹാളിന് താഴെയായി അലങ്കാര തുണികൾ കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. യോഗ ഹാളിനോട് ചേർന്നുള്ള റൂമിലെ ഫാനിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഫാനിന്റെ സ്വിച്ച് ഇടുന്ന സമയം ഫാനിലെ ഇലക്ട്രിക് കേബിളിൽ നിന്നും സ്പാർക്ക് ഉണ്ടാവുകയും അലങ്കാര തുണികളിലേക്ക് തീ പടരുകയുമായിരുന്നു.  പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ നല്ല മഴ ഉണ്ടായിരുന്നു.  ഇതുമൂലം കേബിളിലേക്ക് വെള്ളം ഇറങ്ങിയതാവാം ഷോർട്ട്സർക്യൂട്ടിന് കാരണമെന്നാണ് നിഗമനം.  ഒരു ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ഫയർഫോഴ്‌സ് അധികൃതർ നൽകുന്ന വിവരം.

Also Read: Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ 

അശാസ്ത്രീയമായ ഇലക്ട്രിക് സംവിധാനമാണ് ഇതുപോലുള്ള മിക്ക യോഗ സെന്ററുകളിലും ഉള്ളത്. തീപിടുത്തം ഉണ്ടാവാനായുള്ള കാരണമായി പല ഘട്ടങ്ങളിലും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്.  എന്നാൽ ഇക്കാര്യത്തിൽ നാളിതുവരെ വേണ്ട ശ്രദ്ധ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.   ഇടുങ്ങിയ ഇടറോഡുകൾ ഒരുപാടുള്ള നോർത്ത് ക്ലിഫ് മേഖലയിൽ തീപിടുത്തം ഉണ്ടായാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള വഴികൾ ഇല്ല എന്നുള്ളതും വലിയൊരു വെല്ലുവിളിയായി നാട്ടുകാർ ചുണ്ടിക്കാട്ടിയിട്ടുള്ളതാണ്. പരിഹാരമെന്നോണം ഫയർ ഹൈഡ്രന്റ് സംവിധാനം ഉൾപ്പെടെയുള്ളവ പ്രദേശത്ത് സ്ഥാപിക്കണമെന്നുള്ള ഫയർ ഫോഴ്‌സിന്റെ നിർദേശവും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല.  യോഗ ഹാളിനോട് ചേർന്ന് വലിയൊരു മാലിന്യ കൂമ്പാരം തന്നെയുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളിയിട്ടുണ്ട്.  ഇതിലേക്കും തീ പടരാനുള്ള സാഹചര്യം ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News