ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു. വിഷബാധയ്ക്ക് കാരണമായ ഷവർമ കഴിച്ച ഹോട്ടലിലും ആശുപത്രിയിലും ആണ് പരിശോധന നടത്തുന്നത്. പീരുമേട് ഇടുക്കി എന്നിവിടങ്ങളിലെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഹോട്ടലിലെ എട്ട് ജീവനക്കാരിൽ 6 പേരുടെ ഹെൽത്ത് കാർഡ് പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ ഹോട്ടലിന് പഞ്ചായത്ത് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ മൂന്നു പേരെയും ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ബിപിന്റെ അമ്മ ലിസിക്ക് വീണ്ടും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഷവര്‍മ്മ വാങ്ങിയത്. ഏഴ് വയസുള്ള കുട്ടിയ്ക്കും ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തി ഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പുതുവത്സര ദിനത്തിലാണ് സംഭവം. അന്നേ ദിവസം ഉച്ചയക്ക് ശേഷം മൂന്ന് മണിയോടെ നെടുങ്കണ്ടം സ്വദേശിയായ ബിബിന്‍, ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് ഷവര്‍മ്മ വാങ്ങുകയായിരുന്നു. ഹോം ഡെലിവറിയായാണ് വീട്ടില്‍ എത്തിച്ച് നല്‍കിയത്. രാത്രിയോടെ ബിബിന്റെ ഏഴ് വയസുള്ള മകന്‍ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ശര്‍ദ്ദിയും അനുഭവപെടുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസം ബിബിനും അമ്മ ലിസിയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപെടുകയും തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു
അതേസമയം കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റാണ് പെൺകുട്ടി മരിച്ചത്. തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് തവണ ചികിത്സ തേടിയിട്ടും സ്വകാര്യ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...