കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അടക്കം മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്കാണ് മാറ്റിയത്. സെപ്റ്റംബര്‍ 28 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ കുമാര്‍ മിശ്രയെ ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്കും, ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് കുമാര്‍ സിങ്ങിനെ ത്രിപുര ഹൈക്കോടതിയിലേക്കും മാറ്റി.
രണ്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലംമാറ്റാനും മൂന്നു ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം തീരുമാനിച്ചിട്ടുണ്ട്. ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡേ. എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായും മാറ്റി നിയമിച്ചു.
മൂന്നു ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ചീഫ് ജസ്റ്റിസുമാരാക്കി. ഒഡീഷ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ജസ്‌വന്ത് സിങ്ങിനെ ഒഡീഷയില്‍ത്തന്നെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ബോംബെ ഹൈക്കോടതി ജഡ്ജി പി ബി വരാലെയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രമോഷന്‍ നല്‍കി നിയമിച്ചു. ജമ്മു കശ്മീര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രേയെ അവിടെത്തന്നെ സ്ഥാനക്കയറ്റം നല്‍കി ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...