തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഭയപ്പെടുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. കൊല്ലിച്ചവരെയും കൊലയ്ക്ക് ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് വി ഡി സതീശൻ. തുടരന്വേഷണത്തിന് പരാതിയോ തെളിവോ ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആകാശിന്റെ വെളിപ്പെടുത്തൽ അറിയാതിരിക്കാൻഅന്വേഷണ ഉദ്യോഗസ്ഥൻ കണ്ണും ചെവിയും മൂടി നടക്കുകയാണോയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
കണ്ണൂർ എടയന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന്റെ പങ്ക് സൂചിപ്പിക്കുന്ന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ആയുധമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ കൊമ്പുകോർക്കൽ. കൊല്ലിച്ചവരെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. സിബിഐ അന്വേഷണത്തെ ലക്ഷങ്ങൾ ചെലവാക്കി എതിർത്തതും കൊലയാളികൾക്ക് വേണ്ടി കുറി നടത്തിയതും പാർട്ടിയുടെ പങ്കിന് തെളിവായി പ്രതിപക്ഷം സഭയിൽ ഉയർത്തി.
പാർട്ടി കോടതിയിലും പാർട്ടി അന്വേഷണത്തിലും തീർക്കാൻ പറ്റുന്ന കാര്യമല്ല ഇതെന്നും പാവപ്പെട്ട ഒരു കുടുംബത്തിൻ്റെ അത്താണിയാണ് ഷുഹൈബിലൂടെ നഷ്ടമായതെന്ന് വിഡി സതീശൻ പറഞ്ഞു. എന്നാൽ, പൊലീസ് അന്വേഷണം നിക്ഷ്പക്ഷവും നീതിയുക്തവുമെന്ന് വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. സിബിഐ അന്വേഷണത്തിനുള്ള വിധി പൊലീസിനെതിരായ വിധി ആയതിനാലാണ് അപ്പീൽ നൽകിയതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇതിനെ പ്രതിരോധിച്ചു. ആകാശിനെ തള്ളി പറഞ്ഞ മുഖ്യമന്ത്രി തുടരന്വേഷണം വേണ്ടെന്നും നിലപാടെടുത്തു.
കേസിൽ തുടരന്വേഷത്തിന് പുതിയ പരാതിയോ തെളിവോ ലഭിച്ചിട്ടില്ല. പാർട്ടിക്ക് പുറത്തായവർ ശത്രുത മനോഭാവത്തോടെ പെരുമാറുന്നുണ്ട്. അത്തരം നീക്കങ്ങൾ ചെറുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിലല്ല സിപിഎം പ്രവർത്തിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി.
തുടരന്വേഷണ കാര്യത്തിൽ മുഖ്യമന്ത്രിയുടെ യുക്തിക്ക് പ്രതിപക്ഷത്തിന്റെ മറുപടി ഇങ്ങനെ. ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞില്ലെന്നാണ് പറയുന്നത്. 'ഇൻവെസ്റ്റിഗേഷൻ ഇൻ കമ്പ്ലീറ്റാണ്'. പുതിയ വെളിപ്പെടുത്തൽ അറിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത് ശരിയല്ലല്ലോ. അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണും ചെവിയും മൂടി നടക്കുകയാണോയെന്നും പ്രതിപക്ഷനേതാവ്.
പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിച്ചതെന്നുമാണ് പ്രതി പറഞ്ഞത്. പി. ജയരാജന്റെ സോഷ്യല്‍ മീഡിയാ സംഘമായ പി.ജെ ആര്‍മിയിലെ മുന്നണി പോരാളിയായിരുന്നു കൊലയാളി. അയാളെ പ്രതിപക്ഷം ചാരി നില്‍ക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ഈ ക്രിമിനലിനെ ഒക്കത്ത് വച്ചുകൊണ്ട് നടക്കുകയായിരുന്നു. ഇയാള്‍ ഒരു സുപ്രഭാതത്തിലല്ല ക്രിമിനലായത്. വര്‍ഷങ്ങളായി കൊട്ടേഷന്‍ സംഘത്തില്‍ അംഗമായിരുന്നു- വിഡി സതീശൻ പറഞ്ഞു. "ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തിയത്. എന്നിട്ടും യു.എ.പി.എ ചുമത്തിയില്ല. ബോംബ് എറിയുന്നവന് എതിരെയൊന്നും നിങ്ങള്‍ യു.എ.പി.എ ചുമത്തില്ല. പക്ഷെ പുസ്തകം വായിക്കുന്ന കുട്ടികളെ യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലില്‍ അടയ്ക്കും"- സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അതേസമയം, ഷുഹൈബ് വിഷയം ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ചോദ്യോത്തര വേളയിൽ ഉന്നയിക്കാതെ പ്രതിപക്ഷം തന്ത്രപരമായി നീങ്ങി. ഇതുമായി ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾ ചോദിച്ച അംഗങ്ങൾ ഈ സമയത്ത് ചോദ്യോത്തര വേളയിൽ നിന്ന് വിട്ടു നിന്നു. പിന്നീട് അടിയന്തര പ്രമേയം നടക്കുമ്പോൾ ഇവർ സഭയിൽ എത്തുകയായിരുന്നു. നികുതി, കെഎസ്ആർടിസി വിഷയങ്ങളിൽ അടിയന്തര പ്രമേയത്തിനുള്ള പ്രമേയാനുമതി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിഷേധിച്ചിരുന്നു. ഇത് മുന്നിൽ കണ്ടായിരുന്നു പ്രതിപക്ഷത്തിൻ്റെ ഇന്നത്തെ തന്ത്രപരമായ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...