തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാം. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഈ ആഴ്ച മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് (ഡിസംബർ 4 ), ഡിസംബർ 7, 8 ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും കാലവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ദൃശ്യമല്ല എന്ന് കരുതി മുൻകരുതൽ സ്വീകരിക്കുന്നതിലും ജാഗ്രത പാലിക്കുന്നതിലും വീഴ്ച പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ തുടരാതെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
Also Read: പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം; കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു
ഈ സമയത്ത് ജനലും വാതിലും അടച്ചിടുകയും അതിന് അടുത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. Electronic ഉപകരണങ്ങളും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികൾ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണം. മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും ഒഴിവാക്കണം. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കാം. ഈ സമയത്ത് വാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ അതിനുള്ളിൽ തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...