ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആറ് വിക്കറ്റിൻ്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. 111 പന്തിൽ നിന്ന് 100 റൺസാണ് കോഹ്ലി നേടിയത്. അർധ സെഞ്ച്വറിയുമായി ശ്രേയസ്സ് അയ്യരും 46 റൺസെടുത്ത ശുഭ്മാൻ ഗില്ലും കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. മോശം ഫോമിനെ തുടർന്ന് നിരവധി വിമർശനങ്ങളിലൂടെ കടന്നുപോകുന്നതിനിടെ വിരാട് കോഹ്ലിക്കും ആരാധകർക്കും ഏറെ അശ്വാസം പകരുന്നതാണ് പാകിസ്ഥാനെതിരായ ഇന്നത്തെ പ്രകടനം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 242 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറിൽ മറികടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അഞ്ചാം ഓവറിൽ സ്കോർ 31ൽ നിൽക്കുമ്പോൾ തന്നെ നായകൻ രോഹിത് ശർമയെ നഷ്ടമായി. 15 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടെ 20 റൺസെടുത്താണ് രോഹിത് പുറത്തായത്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു രോഹിത്. രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗിൽ - വിരാട് കോഹ്ലി സഖ്യം 69 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 18ാം ഓവറിൽ 46 റൺസെടുത്ത ഗില്ലിൻ്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. അബ്രാർ അഹമ്മദിൻ്റെ പന്തിൽ ഗിൽ ബൗൾഡാവുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ ശ്രേയസ്സ് അയ്യർ വിരാട് കോഹ്ലിയോടൊപ്പം ചേർന്നതോടെ ഇന്ത്യയുടെ ജയം എളുപ്പത്തിലായി. 67 പന്തിൽ നിന്ന് 56 റൺസെടുത്താണ് ശ്രേയസ്സ് അയ്യർ ക്രീസ് വിട്ടത്. കുഷ്ദില്ലിനായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ഹാർദ്ദിക് പാണ്ഡ്യ (എട്ട്) വേഗം പുറത്തായി. മൂന്ന് റൺസുമായി അക്സർ പട്ടേൽ പുറത്താവാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി 62 റൺസ് നേടിയ സൗദ് ഷക്കീൽ, 46 റൺസെടുത്ത നായകൻ മുഹമ്മദ് റിസ്വാൻ, 38 റൺസുമായി കുഷ്ദിൽ ഷാ എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ഹാർദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പിൽ നാല് പോയിൻ്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. മാർച്ച് രണ്ടിന് ന്യൂസിലൻഡുമായാണ് ഇന്ത്യയുടെ അടുത്ത് ഗ്രൂപ്പ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.