ഇടുക്കി: കനത്ത ചൂടിൽ തിരഞ്ഞെടുപ്പ് രംഗവും ഇടുക്കിയിൽ ചൂടുപിടിച്ചു കഴിഞ്ഞു. എൽഡിഎഫ് - യുഡിഎഫ് പാളയത്തിൽ നിന്നും മൂന്നാം വട്ടവും ഒരേ സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. യു ഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ ഡീൻ കുര്യാക്കോസും എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജും പ്രചാരണ തിരക്കിലേക്ക് ഇറങ്ങിക്കഴിഞ്ഞു. എൻഡിഎ സ്ഥാനാർഥികൂടി എത്തുന്നതോടെ കളം മുറുകും.
സിറ്റിംഗ് എംപി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് ജോയ്‌സ് ജോർജ് എത്തിയതോടെ ഇരുവരുടെയും ഹാട്രിക്ക് പോരാട്ടത്തിനാണ് ഇടുക്കി പാർലമെന്റ് മണ്ഡലം സാക്ഷ്യം വഹിക്കുക. ഗാഡ്ഗിൽ - കസ്തൂരിരംഗൻ വിഷയം കത്തി നിന്ന 2014 ലെ തെരെഞ്ഞെടുപ്പിലാണ് ഡീനും ജോയ്‌സും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
അന്നത്തെ സിറ്റിംഗ് എംപി, പി.ടി തോമസിനെ പിൻവലിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ ആയിരുന്ന ഡീൻ കുര്യാക്കോസിന് യുഡിഎഫ് അവസരം നൽകിയത്. എന്നാൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവായിരുന്ന ജോയ്‌സ് ജോർജിനെ ഇടതുമുന്നണി കളത്തിലിറക്കി സീറ്റ് സ്വന്തമാക്കുകയായിരുന്നു. 2014 മുതൽ 2019 വരെ എംപിയായിരുന്ന കാലയളവിൽ ഇടുക്കിയിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും എന്നുതന്നെയാണ് പ്രതീക്ഷയെന്ന് ജോയ്‌സ് ജോർജ് വ്യക്തമാക്കി.
2019 ൽ മണ്ഡലത്തിൽ രാഷ്ട്രീയ കാറ്റ് തിരിഞ്ഞു വീശുകയായിരുന്നു. 2014 ൽ 50,542 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്‌സ് ജോർജ് വിജയിച്ചതെങ്കിൽ 2019 ൽ ഡീൻ കുര്യാക്കോസിന്റെ ഭൂരിപക്ഷം 1,71,053 വോട്ട് ആയിരുന്നു. യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസ്സ് എന്നും കഴിഞ്ഞ 8 വർഷമായി ഇടുക്കിയിലെ ജനങ്ങളെ തുടർച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവിധിയായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇടുക്കിയിൽ നിർണായക സ്വാധീനമുള്ള കേരളകോൺഗ്രസ് എം, യുഡിഎഫ് വിട്ടതിനു ശേഷമുള്ള ആദ്യ ലോക്സഭ തിരഞ്ഞെടുപ്പാണിത്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. എൻഡിഎയിൽ സീറ്റ് ലഭിച്ച ബിഡിജെഎസ് പുതുമുഖത്തെ പരീക്ഷിക്കാനുള്ള നീക്കമാണ് മണ്ഡലത്തിൽ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിൽ വോട്ട് വിഹിതം കൂട്ടാൻ സാധിക്കാതെ പോയ ദയനീയ പ്രകടനം ഇത്തവണ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ മുന്നണിയും. വരും ദിവസങ്ങളിൽ ഇടുക്കിയിലെ പ്രചാരണ രംഗം ചൂടേറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.