തിരുവനന്തപുരം: ആശുപത്രികളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാനും അവിടുത്തെ സേവനങ്ങള്‍ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത് എന്ന് ജനങ്ങളില്‍ നിന്നും നേരിട്ട് കേള്‍ക്കാനുമാണ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നത്. ആശുപത്രികളില്‍ നിന്നുള്ള ഫീഡ്ബാക്ക് ഉള്‍ക്കൊണ്ട് ജനകീയപങ്കാളിത്തത്തോടെ ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി
തിരുവനന്തപുരം ജില്ലയില്‍ ഒന്നാം ഘട്ടമായി വര്‍ക്കല താലൂക്ക് ആശുപത്രി, ചിറയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. വര്‍ക്കലയില്‍ വി. ജോയ് എം.എല്‍.എ.യും ചിറയിന്‍കീഴ് വി. ശശി എംഎല്‍എയും ആറ്റിങ്ങലില്‍ ഒ.എസ്. അംബിക എം.എല്‍.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ALSO READ: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളില്‍ 79 പുതിയ തസ്തികകള്‍
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ 45 കോടിയുടെ കെട്ടിടം ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞതിനാല്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ആശുപത്രിയുടെ വികസനത്തിന്റെ പ്രധാന ഘട്ടമാണിത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ വാര്‍ഡുകള്‍ ഉള്‍പ്പെടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതാണ്.ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രധാന തീരുമാനം കഴിഞ്ഞ മന്ത്രിസഭ കൈകൊണ്ടിരുന്നു. 2024 മാര്‍ച്ച് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പുതിയ ബ്ലോക്കിലേക്ക് മാറുമ്പോള്‍ മികച്ച സൗകര്യം ലഭ്യമാകും.
ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയെ സംബന്ധിച്ചിടത്തോളം അടുത്തഘട്ട വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ്. ആയിരത്തിലധികം രോഗികള്‍ ദിവസേന എത്തുന്ന ആശുപത്രിയായതിനാല്‍ അടിയന്തരമായി പരിഹരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ളവ നവംബര്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാക്കാനും നിര്‍ദേശം നല്‍കി. ദേശീയ പാതയുടെ സമീപത്തുള്ള ആശുപത്രിയായതിനാല്‍ ട്രോമകെയര്‍ സംവിധാനത്തിനും പ്രധാന്യം നല്‍കുന്നതാണ്. പുതിയ ആശുപത്രി ബ്ലോക്ക്, മെറ്റേണിറ്റി ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണവും ആരംഭിക്കും. കളക്ടറേറ്റില്‍ യോഗം കൂടി ഈ ആശുപത്രികളിലെ വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാതല, സംസ്ഥാനതല അവലോകനങ്ങളും നടക്കും.
കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം ആര്‍ദ്രം ആരോഗ്യം വലിയ മാറ്റം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സന്ദര്‍ശനങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. കുറേയേറെ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.