നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 534 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ആദ്യ രണ്ടു മണിക്കൂറില്‍ 534 ക്യുസെക്‌സ് വെള്ളമാകും ഒഴുക്കിവിടുന്നത്. രണ്ടു മണിക്കൂറിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. രാവിലെ 11.30ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് റൂള്‍കര്‍വിലേക്ക് എത്താതിരുന്നതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത് വൈകിയത്.
പിന്നീട് 12.30 ന് തുറക്കുമെന്ന് അറിയിച്ചെങ്കിലും ഒരു മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. മറ്റു പ്രശ്‌നങ്ങളൊന്നും നിലവില്‍ ഇല്ലാത്തതിനാലാണ് തമിഴ്‌നാട് റൂള്‍ കര്‍വ് അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരനിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വള്ളക്കടവ്,ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം നടത്തി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ചു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ ജലം തുറന്നുവിടുന്നു എന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെടുന്നു.
ഇടുക്കിയിലടക്കം കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേറെയായി. വൃഷ്ടിപ്രദേശത്തെ മഴ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലും സമാനസ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലവിതാനം നിയന്ത്രിക്കാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം അണക്കെട്ടിലെ ജലം തുറന്നുവിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി, ഡാമിലെ ജലം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെടുന്നു. ജലനിരപ്പ് ശക്തമായതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടു ഷട്ടറുകള്‍ ഇന്ന് തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...