കോട്ടയം: മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ കുർബാന മുടക്കിയിട്ടില്ല. അസുഖം കൂടിയപ്പോൾ മാത്രമാണ് ചെറിയ കാലയളവിലേക്ക് പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് അദ്ദേഹം പങ്കെടുക്കാതായത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവ് അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ ഇന്നും നിരവധിപേർ സന്ദർശിക്കാൻ എത്തി.
ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിന് ഏറ്റവും പ്രിയപ്പെട്ട പുതുപ്പള്ളി പള്ളിയിൽ അദ്ദേഹത്തിന്റെ വേർപാടിന് ശേഷമുള്ള ആദ്യ ഞായറിൽ കുർബാനയിൽ നിരവധി ആളുകൾ പങ്കെടുടത്തു. പ്രിയ നേതാവിന്റെ ആത്മശാന്തിക്കായി പ്രാർഥിച്ചു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഇടവക പള്ളിയായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ എത്തി ഞായറാഴ്ചകളിലെ കുർബാനയ്ക്ക് പങ്കെടുക്കുന്നത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.
ALSO READ: സ്വന്തം കഴിവിൽ നേതാവായി, ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശിയാവാൻ അർഹത ചാണ്ടി ഉമ്മനെന്ന് ചെറിയാൻ ഫിലിപ്പ്
അസുഖം അലട്ടിയപ്പോൾ പോലും അദ്ദേഹം ഞായറാഴ്ചയിലെ കുർബാന മുടക്കിയിട്ടില്ല. രോഗത്തിന്റെ തീവ്രത കാരണം ബെംഗളൂരുവിലേക്ക് ചികിത്സാർത്ഥം മാറി നിന്നപ്പോൾ മാത്രമാണ് പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയ്ക്ക് മുടക്കം വന്നത്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും മുൻപന്തിയിൽ നിന്ന് നേതൃത്വം കൊടുക്കാൻ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് എന്നും ഉണ്ടായിരുന്നു. ഞായറാഴ്ച നടക്കുന്ന കുർബാനയ്ക്ക് നിർബന്ധമായി പങ്കെടുക്കണമെന്നത് അദ്ദേഹത്തിനെ സംബന്ധിച്ച് ഏറ്റു പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു.
അദ്ദേഹമില്ലാത്ത ആദ്യത്തെ ഞായറാഴ്ച കുർബാനയാണ് ഇന്ന് പുതുപ്പള്ളിയിൽ നടന്നത്. പ്രിയപ്പെട്ട നേതാവ് ശരീരം കൊണ്ട് വിടവാങ്ങിയിട്ടും അദ്ദേഹത്തിൻറെ ഓർമ്മകൾ ഇന്നും ജീവിച്ചിരിക്കുന്നതിന് ഏറ്റവും വലിയ തെളിവാണ് എന്നും ഇവിടെയെത്തുന്ന സന്ദർശകർ. ഇന്നും അതിരാവിലെ മുതൽ നിരവധി പേരാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങിയത്. കുർബാനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കബറടത്തിൽ പ്രാർത്ഥന നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...