ബത്തേരി: സ്വന്തം മണ്ഡലമായ അമേഠിയിൽ മത്സരിച്ചാൽ തോൽക്കുമെന്നറിയുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ ആത്മവിശ്വാസമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും ബത്തേരിയിൽ നടന്ന റോഡ്ഷോയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുമായി രാഹുൽഗാന്ധി സഖ്യം ചേർന്നത് ജനങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്. ദേശവിരുദ്ധരുമായാണ് രാഹുലും പാർട്ടിയും സഖ്യം ചേരുന്നത്.
രാജ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും സംസാരിക്കാത്തയാളാണ് വയനാട് എംപി. നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കാതിരിക്കാൻ സാധിക്കില്ല. കുടുംബ രാഷ്ട്രീയമാണ് രാഹുൽ നടപ്പിലാക്കുന്നത്. പ്രീണന രാഷ്ട്രീയമാണ് അദ്ദേഹത്തിൻ്റെ മുഖമുദ്ര. ദില്ലിയിൽ സിപിഐ നേതാവ് ഡി.രാജയുമായി ഒരുമിച്ച് നിന്നാണ് രാഹുൽ ഗാന്ധി പോരാടുന്നത്. കേരളത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ രാഹുലിനെതിരെ മത്സരിക്കുന്നു. നിലപാടില്ലാത്ത രാഷ്ട്രീയമാണ് രാഹുൽ ഗാന്ധിക്കുള്ളതെന്നും നദ്ദ പറഞ്ഞു.
വയനാട്ടിൽ നിന്നും താമര വിരിയുമെന്നുറപ്പാണ്. 2014ൽ നമ്മൾ ലോകത്തിലെ പതിനൊന്നാമത് സാമ്പത്തിക ശക്തിയായിരുന്നു. മോദിയുടെ 10 വർഷത്തെ ഭരണനേട്ടത്തിൻ്റെ മികവിൽ ഇപ്പോൾ അഞ്ചാമത്തെ ശക്തിയാണ്. സുരേന്ദ്രനെ ജയിപ്പിക്കുമ്പോൾ രാജ്യത്തിൻ്റെ മുന്നേറ്റത്തിനാണ് വയനാട്ടുകാർ കരുത്തു പകരുന്നത്. ഇത്തവണ ഭാരതത്തെ ലോകത്തെ മൂന്നാമത്തെ ശക്തിയാക്കി മാറ്റും. പ്രധാനമന്ത്രി രാജ്യത്തെ വികസനം ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. പാവപ്പെട്ടവർ, കൃഷിക്കാർ, വനിതകൾ, യുവാക്കൾ എന്നിവരെ ചേർത്തു നിർത്തുന്ന ഭരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.
ഉജ്ജ്വല യോജനയിലൂടെ അമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി. ജൽ ജീവൻ മിഷനിലൂടെ കേരളത്തിൽ 10 ലക്ഷം പേർക്ക് കുടിവെള്ളം ലഭിച്ചു. സ്വച്ഛ് ഭാരത് അഭിയാനിലൂടെ കോടിക്കണക്കിന് ടോയിലറ്റുകൾ നിർമ്മിച്ചു. സ്ത്രീകൾകൾക്ക് ജൻ ധൻ അക്കൗണ്ടുകളിലൂടെ സമ്പാദ്യശീലമുണ്ടാക്കി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ 4 കോടി വീടുകൾ നിർമ്മിച്ചു. കേരളത്തിൽ 2 ലക്ഷം വീടുകളാണ് നിർമ്മിച്ചു നൽകിയത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പുവരുത്തിയെന്നും ജെപി നദ്ദ പറഞ്ഞു.
വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽ അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട് സ്വന്തം വീടാണെന്ന് പറയുന്ന രാഹുൽ ഏപ്രിൽ 26 കഴിഞ്ഞാൽ വീണ്ടും അമേഠിയെ സ്വന്തം വീടാക്കും. അഞ്ചുവർഷം കൊണ്ട് ഒരു വികസനവും വയനാടിന് സംഭാവന ചെയ്യാത്ത രാഹുൽ ഗാന്ധിയെ ജനം പാഠം പഠിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.