അണക്കെട്ടിന്റെ തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസം വേണ്ടി വരും; തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് കലക്ടർ

അണക്കെട്ടിലെ ഏറ്റവും സുപ്രധാനഭാഗമാണ് ഷട്ടറുകള്‍. ഷട്ടര്‍ തകര്‍ന്നാല്‍ ഡാമില്‍ വെള്ളം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 04:36 PM IST
  • ഷട്ടർ തകരാര്‍ പരിഹരിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങി
  • തമിഴ്നാട് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
  • തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസമെങ്കിലും വേണ്ടി വരും
അണക്കെട്ടിന്റെ തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസം വേണ്ടി വരും;  തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് കലക്ടർ

പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടർ തകരാര്‍ പരിഹരിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങിയതായി പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.  തമിഴ്നാട് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തകരാർ പരിഹരിക്കാൻ നാലോ അഞ്ചോ ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഡാമിന്റെ മറ്റു രണ്ടു ഷട്ടറുകൾ ഉയർത്തണമോയെന്ന് തീരുമാനിച്ചിട്ടില്ല. പ്രദേശത്തെ ആദിവാസി കോളനിയിൽ നിന്നുള്ളവരെ ഒഴിപ്പിച്ചതായും കലക്ടർ വ്യക്തമാക്കി. 

സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ മൂന്നുഷട്ടറുകളിലൊന്നാണ് തനിയെ തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ഷട്ടര്‍ തനിയെ ഉയർന്നത്. സെക്കന്‍ഡില്‍ 20,000 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.  ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. ഇതിനിടെയാണ് നടുവിലത്തെ ഷട്ടര്‍ തനിയെ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും ഉയർന്നത്. സാധാരണ 10 സെന്റീമീറ്റര്‍ മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിയത്. 

ഇതേത്തുടര്‍ന്നാണ്  ചാലക്കുടി പുഴയിലേക്ക് അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തിയത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം പറമ്പിക്കുളം അണക്കെട്ടിന്റെ ഷട്ടറിന് തകരാര്‍ സംഭവിച്ചതിന് പിന്നില്‍ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്നാണ്  ആക്ഷേപം ഉയരുന്നത്. കേരള ഡാം സുരക്ഷ അതോറിട്ടി മുന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരാണ് ആരോപണം ഉന്നയിച്ചത്. മഴക്കാലത്തിന് മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് ഇത് അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. 

അണക്കെട്ടിലെ ഏറ്റവും സുപ്രധാനഭാഗമാണ് ഷട്ടറുകള്‍. ഷട്ടര്‍ തകര്‍ന്നാല്‍ ഡാമില്‍ വെള്ളം നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കില്ല.   ഇനി വെള്ളം ഒഴുകിപ്പോകാതെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഡാം സേഫ്റ്റി അതോറിട്ടി ഇന്‍സ്‌പെക്ഷന്‍ നടത്തിക്കൊണ്ടിരുന്ന ഡാമാണ് പറമ്പിക്കുളം. മുല്ലപ്പെരിയാര്‍ കേസില്‍ വിജയിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ഡാമിന്റെ കാര്യം നോക്കാന്‍ വരേണ്ടെന്നും, സേഫ്റ്റി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അറിയിച്ചിരുന്നു. 

കഴിഞ്ഞ ഡിസംബര്‍ വരെ താന്‍ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനായിരുന്നു. കേരളത്തിലുള്ള ഡാമിന്റെ സുരക്ഷ കേരള പൊലീസിനാണ്. എന്നാല്‍ തമിഴ്‌നാടുമായി തര്‍ക്കമുണ്ടായപ്പോള്‍, അവര്‍ നോക്കട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇന്‍സ്‌പെക്ഷന്‍ കേരളം തന്നെ തുടരണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഡാം കസ്‌റ്റോഡിയന്‍ അവരെ കുറ്റപ്പെടുത്തുമോയെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ചോദിച്ചു. കൃത്യമായ പരിശോധന ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു സംഭവമുണ്ടാകുമായിരുന്നില്ല. 

കേരളം ഇന്‍സ്‌പെക്ഷന്‍ നടത്തിയിരുന്നപ്പോള്‍ ചെറിയ ചോര്‍ച്ച പോലും പരിശോധിച്ച് പരിഹരിച്ചിരുന്നു. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഡാമുള്ളത്. കൃത്യമായ പരിശോധനയുണ്ടായിരുന്നെങ്കില്‍ ഷട്ടര്‍ തന്നെ തകര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ലെന്നും  ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News