താനൂര്‍: ബോട്ടപകടത്തില്‍ മരിച്ച ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കണ്ണീരണിഞ്ഞ് യാത്രാമൊഴി നല്‍കി നാട്ടുകാര്‍. കളി ചിരികള്‍ നിറഞ്ഞ ആ കൊച്ചു വീട്ടിലെ സന്തോഷം നിമിഷങ്ങള്‍ കൊണ്ടാണ് വിധി കവര്‍ന്നെടുത്തത്. പൊട്ടിപ്പൊളിഞ്ഞ ആ വീട്ടുമുറ്റത്ത് പതിനൊന്ന് ആംബുലന്‍സുകള്‍ നിരനിരയായി വന്ന് നില്‍ക്കുമ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനെ കുടുംബനാഥന്‍ സൈതലവിക്ക് കഴിഞ്ഞുള്ളു. ഇന്നലവരെ ആ വീടിന്റെ അകത്തളങ്ങളില്‍ നിറഞ്ഞു നിന്ന ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഇല്ല എന്നത് ഇപ്പോഴും അയാള്‍ക്ക് വിശ്വസിക്കാനായിട്ടില്ല.
വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഓരോരുത്തരെ ആയി ഓരോ ആംബുലന്‍സില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ കണ്ടുനിന്നവരും വിതുമ്പി. പുതിയ വീടിനായി കെട്ടിയ തറയില്‍ ജീവനറ്റ ആ ശരീരങ്ങള്‍ കിടത്തി. ഇനിയൊരിക്കലും ആ വീട്ടില്‍ അവര്‍ ഒത്തു ചേരില്ല എന്ന വേദനയോടെ സ്വപ്‌നങ്ങള്‍ നെയ്ത് പണിതു വന്ന ആ വീടിന്റെ തറയില്‍ കിടന്നായിരുന്നു 11 പേരുടേയും അവസാന യാത്ര. ആ കുഞ്ഞു വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം തിങ്ങിപ്പാര്‍ക്കുന്നതു കൊണ്ട് തന്നെ പുതിയ വീട് നിര്‍മ്മാണത്തിനായുള്ള തിടുക്കത്തിലായിരുന്നു സൈതലവി. എന്നാല്‍ വീടിന് തറയിട്ടെങ്കിലും പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നില്ല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെര്‍മിറ്റിനും മറ്റും സൈതലവി പലപ്രശ്‌നങ്ങളും നേരിട്ടിരുന്നു.
ALSO READ: സഹോദരങ്ങളുടെ ഭാര്യമാരും എട്ട് കുഞ്ഞുങ്ങളും; ബോട്ടപകടം കവര്‍ന്നത് ഒരു കുടുംബത്തിലെ 11 ജീവന്‍
ഇനി ആ വീട്ടില്‍ അവശേഷിക്കുന്നത് അമ്മയും നാല് മക്കളും മാത്രം. പെരുന്നാളാഘോഷിക്കാനായി ഒത്തു ചേര്‍ന്നതായിരുന്നു എല്ലാവരും. സെതലവിയുടെ സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും 8 കുട്ടികളുമാണ് താനൂരില്‍ മെയ് 7 ന് രാത്രി സംഭവിച്ച ബോട്ടപകടം കവര്‍ന്നത്.കുടുംബനാഥന്‍ കുന്നുമ്മല്‍ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയുമാണ് അപകടത്തില്‍ പെട്ടത്. പെരുന്നാളവധിയില്‍ വീട്ടിലെത്തിയ കുട്ടികളുടെ നിര്‍ബന്ധമായിരുന്നു തൂവല്‍ത്തീരത്തു പോവുക എന്നത്. സൈതലവി തന്നെയായിരുന്നു ഇവരെ എല്ലാവരെയും കട്ടാങ്ങലില്‍ എത്തിച്ചു കൊടുത്തത്. എന്നാല്‍ യാതൊരു കാരണലശാലും ബോട്ടില്‍ കയറരുത് എന്ന് സൈതലവി നിര്‍ദ്ദേശിച്ചിരുന്നു. തിരിച്ച് വീട്ടിലെത്തി അല്‍പ്പനേരം കഴിഞ്ഞ് ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അപ്പുറത്ത് നിന്ന് നിലവിളികളായിരുന്നു ഉയര്‍ന്നത് . സംഭവസ്ഥലത്ത് എത്തുമ്പോള്‍ കാണുന്നത് മകളുടെ ജീവനറ്റ ശരീരം പുറത്തേക്കെടുക്കുന്നതായിരുന്നു. താനാകെ തളര്‍ന്നു പോയെന്നാണ് സൈതലവി പറഞ്ഞത്.
തീരത്തു നിന്ന് കാഴ്ചയില്‍ ദൂരത്തായിരുന്നു ബോട്ട് എന്നതുകൊണ്ടും രാത്രിയായിരുന്നു എന്നതിനാലും രക്ഷാപ്രവര്‍ത്തനം ദുസ്സഹമായി. ചെറുബോട്ടുകളിലായെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് തന്നെ. അപകടത്തില്‍ കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യയും (ജല്‍സിയ) മകനും (ജരീര്‍), കുന്നുമ്മല്‍ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈലവിയുടെ ഭാര്യ (സീനത്ത്) നാല് മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞിന്റെ ജീവനും വെള്ളം കവര്‍ന്നു. ഇനി ആ കുടുംബത്തില്‍ അവശേഷിക്കുന്നത് മാതാവും മൂന്ന് ആണ്‍മക്കളും പിന്നെ പരിക്കേറ്റ സഹോദരിയുടെ മക്കളും അടക്കം എട്ട് പേര്‍ മാത്രം.മെയ് 7 ഞായറാഴ്ച്ചയാണ് കേരളത്തെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അപകടമുണ്ടാക്കിയ ബോട്ടിന്റെ ഉടമ ഇപ്പോഴും ഒളിവിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...