മകളുടെ വിവാഹത്തിൽ ഒരു കുടുംബാംഗത്തെപ്പോലെ ആദ്യാവസാനം വരെ പങ്കെടുത്ത മോഹൻലാലിന് (Mohanlal) നന്ദി പറഞ്ഞ് റഹ്മാൻ (Rahman). താരനിബിഢമായിരുന്ന റഹ്മാന്റെ മകൾ റുഷ്‍ദയുടെ വിവാഹം (Wedding). തെന്നിന്ത്യയിലെ നിരവധി പ്രമുഖ താരങ്ങൾ (South Indian Stars) ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഭാര്യ സുചിത്രയോടൊപ്പമാണ് (Suchitra) മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്ല്യേട്ടനെ പോലെ തന്റെ കൂടെ നിന്ന മോഹൻലാലിന് സ്നേഹം നിറഞ്ഞ വാക്കുകളാൽ നന്ദി പറഞ്ഞിരിക്കുകയാണ് റഹ്മാൻ.
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം. അവിടേക്കാണ് ലാലേട്ടൻ വന്നത്. വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുകയെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ റഹ്മാൻ ചോദിക്കുന്നു.
Also Read: Actor Rahman daughter| എല്ലാ ജോഡികളും ഒരുമിച്ച്, റഹ്മാന്റെ മകളുടെ വിവാഹ ചിത്രങ്ങൾ
റഹ്മാന്റെ വാക്കുകൾ:
എന്റെ പ്രിയപ്പെട്ട ലാലേട്ടന്...
ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം. ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്... ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ...
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം...
അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും ... എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് .... ആർടിപിസിആർ പരിശോധന നടത്തി...
ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു. സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി... പ്രിയപ്പെട്ട ലാലേട്ടാ... സുചി... നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക? സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ... ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല.
നന്ദി...ഒരായിരം നന്ദി...
സ്നേഹത്തോടെ,
റഹ്മാൻ, മെഹ്റുന്നിസ.
ചെന്നൈയിലെ ഹോട്ടൽ ലീലാ പാലാസിൽ (Leela Palace) വച്ചായിരുന്നു റഹ്മാന്റെ (Rahman) മകൾ റുഷ്ദയും കൊല്ലം സ്വദേശി അൽതാഫ് നവാബും തമ്മിലുള്ള വിവാഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (MK Stalin), അഭിനേതാക്കളായ ശോഭന, സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി ലക്ഷ്മി, മേനകാ സുരേഷ്, നദിയ മൊയ്തു, ശരത് കുമാർ, രാധികാ ശരത്കുമാർ, പ്രഭു ബന്ധുകൂടിയായ എ ആർ റഹ്മാൻ (A R Rahman),തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ സന്നിഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...