മാളികപ്പുറം ഒടിടിയിലെത്തുന്നു. ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ ഡിസ്നി ഹോട്ട്സ്റ്റാറിൽ ഇന്ന് അർധരാത്രി (ഫെബ്രുവരി 15) മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. 100 കോടി ക്ലബിൽ കയറിയ ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. തിയേറ്ററിൽ തന്നെ നിരവധി തവണ കണ്ട പ്രേക്ഷകരും ചിത്രത്തിന്റെ ഒടിടി റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പ് അവസാനിക്കുകയാണ്.
ഡിസംബർ 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. അഭിനേതാക്കളുടെ പ്രകടനവും കഥയും എല്ലാം കൊണ്ടും ചിത്രം മികച്ച് നിന്നുവെന്നാണ് പ്രേക്ഷക പ്രതികരണം. നിറഞ്ഞ സദസിലായിരുന്നു ചിത്രം എല്ലാ ദിവസവും പ്രദർശനം നടത്തിയിരുന്നത്. ചിത്രത്തിന്റെ ആഗോളതലത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ 100 കോടി പിന്നിട്ടു. കുഞ്ഞിക്കൂനന്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി, ഉണ്ണി എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...