പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാഗങ്ങളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 30ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ മണിരത്നം ഉൾപ്പെടെ ചിത്രത്തിലെ താരങ്ങളും തിരുവനന്തപുരത്ത് എത്തിയിരുന്നു. ജയംരവി, കാർത്തി, വിക്രം, തൃഷ, ജയറാം, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് ഇന്നലെ തിരുവനന്തപുരം നിശാഗന്ധി സ്റ്റേഡിയത്തിലാണ് പൊന്നിയിൻ സെൽവൻ ടീം എത്തിയത്. പരിപാടിക്കിടെ സംവിധായകൻ മണിരത്നം മമ്മൂട്ടിക്കും നന്ദി പറഞ്ഞു. അപ്പോൾ ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ടോ എന്നതായിരിക്കും ആരാധകരുടെ ചോദ്യം.
അതെ പൊന്നിയിൻ സെൽവനിൽ ശബ്ദമായി മമ്മൂട്ടിയും എത്തുന്നുണ്ട്. ചിത്രത്തിൽ പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്തുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയെ കുറിച്ച് മണിരത്നം പറഞ്ഞത് ഇങ്ങനെയാണ്... ''മമ്മൂട്ടി സാറിനോട് നന്ദി പറയേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താനായി ഒരാളെ വേണം, സാറിന് വോയ്സ് ഓവർ നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം അദ്ദേഹം പറഞ്ഞത് എനിക്ക് അയക്കൂ ഞാൻ ചെയ്തു തരാം എന്നാണ്. പൊന്നിയിൻ സെൽവൻ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലൂടെ ആയിരിക്കും'' എന്ന് മണിരത്നം പറഞ്ഞു.
ചിത്രത്തിൽ നായക കഥാപാത്രം പൊന്നിയിൻ സെൽവനായി എത്തുന്നത് ജയം രവിയാണ്. വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി വിക്രമും പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായും എത്തുന്നു. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയൻ സെൽവൻ ഒരുക്കുന്നത്. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്ര നോവലായിട്ടാണ് പൊന്നിയിൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലാസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.ആർ.റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും പോരാട്ടങ്ങളും, ത്യാഗങ്ങളും നേട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ നോവൽ. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. അഞ്ച് ഭാഗങ്ങളിലായി ആണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. 1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...