രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം ഷംഷേരയിലെ ഗാനം പുറത്തുവിട്ടു. ജി ഹുസൂർ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ആദിത്യ നാരായണനാണ്. ഗാനത്തിന്റെ അഡിഷണൽ വോക്കലുകൾ നൽകിയിരിക്കുന്നത് ശദാബ് ഫാരിധിയാണ്. സംഗീത സംവിധാനം, ക്രമീകരണം, നിർമ്മാണം എന്നിവ ചെയ്തിരിക്കുന്നത് മിത്തൂൺ ആണ്. ഗാനത്തിന്റെ വരികൾ രചിച്ചതും മിത്തൂൺ തന്നെയാണ്.
ഷംഷേരയുടെ ട്രൈലർ ജൂൺ 24 ന് പുറത്ത് വിട്ടിരുന്നു. രൺബീർ തന്‍റെ കരിയറിലെ ആദ്യ ഇരട്ട വേഷം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സഞ്ജയ് ദത്ത്, വാണി കപൂർ എന്നിവരും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാങ്കൽപ്പിക നഗരമായ കാസയിലാണ് ഷംഷേരയുടെ കഥ നടക്കുന്നത്.
ALSO READ: കരിയറിലെ ആദ്യ ഇരട്ട വേഷവുമായി രൺബീർ കപൂർ; ഷംഷേര ട്രൈലർ പുറത്ത്
ബ്രിട്ടീഷുകാരുടെ അടിമ തൊഴിലാളിയിൽ നിന്ന് തന്‍റെ കൂടെയുള്ള വലിയ വിഭാഗം ജനങ്ങളുടെ രക്ഷകനായി മാറുന്ന നായകനായാണ് രൺബീർ കപൂർ ഈ ചിത്രത്തിൽ എത്തുന്നത്. 1871 ലാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. തനിക്ക് വേണ്ടപ്പെട്ടവരുടെ രക്ഷയ്ക്കായി രൺബീർ സമ്പന്നരുടെ പണം കൊള്ളയടിച്ച് പാവപ്പെട്ടവർക്ക് നൽകുന്നു. മലയാളത്തിലെ കായംകുളം കൊച്ചുണ്ണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം ആണ് രൺബീറിന്‍റേത് എന്ന് പറയാൻ സാധിക്കും
ഈ കള്ളനെ തുരത്താൻ ബ്രിട്ടീഷുകാർ നിയമിക്കുന്ന ക്രൂരനായ പോലീസ് കഥാപാത്രമായാണ് സഞ്ജയ് ദത്ത് ഷംഷേരയിൽ എത്തുന്നത്. രൺബീർ കപൂറിന്‍റെ കാമുകിയായ ഒരു ഡാൻസറിന്‍റെ വേഷത്തിൽ വാണി കപൂറും ചിത്രത്തിൽ എത്തുന്നുണ്ട്. കരൺ മൽഹോത്രയാണ് ഷംഷേര സംവിധാനം ചെയ്തിരിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രത്തിന്‍റെ നിർമ്മാണം.
. അഷ്പുഷ് റാണ, സൗരബ് ശുക്ല, റോണിത് റോയ്, ത്രിദ ചൗധരി, പിതോബാഷ് ത്രിപാഠി എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബ്രഹ്മാസ്ത്രയ്ക്കും വളരെ മുൻപ് ഷൂട്ടിങ്ങ് പൂർത്തിയായ ഷംഷേര 2019 ഡിസംബർ 20 ന് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സൽമാൻ ഖാന്‍റെ ദബങ്ങ് 3 റിലീസ് ഉള്ളതിനാൽ ഇത് മാറ്റിവച്ചു.
2020 ൽ ചിത്രം റിലീസ് ചെയ്യാനായി ചർച്ചകൾ പുരോഗമിച്ചപ്പോഴായിരുന്നു കൊവിഡ് മഹാമാരി ലോകമെമ്പാടും പടർന്ന് പിടിക്കുന്നത്. തുടർന്ന് 2 വർഷത്തോളം ചിത്രം പുറത്തിറക്കാൻ യാഷ് രാജ് പ്രൊഡക്ഷൻസിന് സാധിച്ചില്ല. ഈ വർഷം ജൂലൈ 22 നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ സൗത്ത് ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ സാമ്രാട്ട് പൃഥ്വിരാജാണ് യാഷ് രാജ് പ്രൊഡക്ഷൻസിന്‍റെ അവസാന ചിത്രം. വൻ പരാജയമായ ഈ ചിത്രത്തിന്‍റെ ക്ഷീണം ഷംഷേരക്ക് തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...