Singer P Jayachandran Passes Away: ഭാവ​ഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു

സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ശബ്ദം മാത്രമാണ് ഇനി ബാക്കിയാവുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2025, 08:41 PM IST
  • 2021ൽ അദ്ദേഹം ജെ.സി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി.
  • തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
  • മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.
Singer P Jayachandran Passes Away: ഭാവ​ഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു

തൃശൂർ: ഭാവ​ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോ​ഗത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മികച്ച ​ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 5 തവണയാണ് മികച്ച ​ഗായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. സുപ്രഭാതം, ഹർഷബാഷ്പം തൂകി, നിൻ മണിയറയിലെ തുടങ്ങിയവ ആ മാന്ത്രിക ശബ്ദത്തിൽ വിടർന്നതാണ്. 

2021ൽ അദ്ദേഹം ജെ.സി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. പ്രണയം, വിരഹം, സന്തോഷം അങ്ങനെ ഏതൊരു വികാരത്തിലുള്ള ​ഗാനങ്ങൾക്കും ജയചന്ദ്രന്റെ ശബ്ദം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മലയാളിക്ക്. 

1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. 1973 മെയ് മാസത്തിൽ തൃശൂർ സ്വദേശിയായ ലളിതയെ അദ്ദേഹം വിവാഹം കഴിച്ചു. ലക്ഷ്മി, ദിനനാഥ് എന്നിവരാണ് മക്കൾ. മകൻ ഏതാനും സിനിമകളിൽ ഗാനങ്ങൾ‌ ആലപിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ നിന്നാണ് ജയചന്ദ്രൻ ബിരുദം നേടിയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

1967 ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ് സംഗീതം നൽകിയ "അനുരാഗ ഗാനം പോലെ" എന്ന ഗാനം അദ്ദേഹം ആലപിച്ചു. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് "നിൻമണിയറയിലെ" (സി. ഐ. ഡി. നസീർ, 1971), "മലയാള ഭാഷതൻ മാദക ഭംഗി" (പ്രേതങ്ങളുടെ താഴ്‍‌വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച "നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ” എന്ന ഗാനത്തിന് 1972 ലെ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം എസ് വിശ്വനാഥനായിരുന്നു ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. 

എം.എസ്.​വിശ്വനാഥനാണ് പിന്നീട് ജയചന്ദ്രനെ തമിഴിൽ അവതരിപ്പിക്കുന്നത്. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു തമിഴിൽ ജയചന്ദ്രന്റെ ആദ്യ ​ഗാനം. എം. ബി. ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ "രാഗം ശ്രീരാഗം" എന്ന ഗാനത്തിലൂടെ 1978 ൽ അദ്ദേഹത്തിന് വീണ്ടും കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 1985 ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ "ശിവശങ്കര സർവ്വ ശരണ്യ വിഭോ" എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നിറം എന്ന ചിത്രത്തിലെ "പ്രായം നമ്മിൽ" എന്ന ഗാനം 1998 ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരുന്നു. 1975 ൽ ആർ.‌കെ ശേഖറിന്റെ സംഗീത സംവിധാനത്തിൽ, അക്കാലത്ത് കേവലം 9 വയസ് പ്രായമുണ്ടായിരുന്ന ദിലീപ് ശേഖർ (ഇപ്പോൾ എ. ആർ റഹ്മാൻ) ആദ്യമായി ചിട്ടപ്പെടുത്തിയ പെൺപട എന്ന മലയാള സിനിമയ്ക്കുവേണ്ടിയുള്ള "വെള്ളിത്തേൻ കിണ്ണം പോൽ" എന്ന ഗാനം അദ്ദേഹം ആലപിച്ചിരുന്നു.

ജയചന്ദ്രൻ ഇളയരാജയുമായി പ്രവർത്തിക്കുകയും "‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്...", "കാത്തിരുന്തു കാത്തിരുന്തു" (1984 ൽ പുറത്തിറങ്ങിയ വൈദേഹി കാത്തിരുന്താൾ), "മയങ്കിനേൻ സൊല്ല തയങ്കിനേൻ" (1985 ൽ പുറത്തിറങ്ങിയ നാനേ രാജ നാനേ മന്തിരിയിൽ നിന്ന്), "വാഴ്കയേ വേഷം" (1979 ൽ പുറത്തിറങ്ങിയ “ആറിലിരുന്തു  അറുപതു വരൈ” എന്ന ചിത്രത്തിലെ), "പൂവാ എടുത്തു ഒരു" (1986 ൽ പുറത്തിറങ്ങിയ  അമ്മൻ കോവിൽ കിഴക്കാലെ), "താലാട്ടുതേ വാനം" (1981 ൽ പുറത്തിറങ്ങിയ കടൽ മീൻകൾ) എന്നിവയുൾപ്പെടെ തമിഴിൽ നിരവധി ജനപ്രിയ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ  മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി.

2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. 2008 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ “ADA ... എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടിക്കൊണ്ട്  ജയചന്ദ്രൻ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News