മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ടമുള്ള ഒരു ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് ഇത്രയേറെ ആരാധകർ ഉണ്ടാകാനുള്ള കാരണം അതിലെ ഓരോ കഥാപാത്രങ്ങളുമാണ്. ബിജു സോപാനം, നിഷ സാരംഗ്, ഋഷി, ജൂഹി റുസ്തഗി, അൽ സാബിത്, ശിവാനി, പാറുക്കുട്ടി തുടങ്ങിയവരാണ് തുടക്കം മുതൽ ഇതിൽ അഭിനയിച്ചു പോരുന്നതാണ്. ബാലചന്ദ്രൻ തമ്പിയെയും കുടുംബത്തെയും പ്രേക്ഷകർ അത്രകണ്ട് നെഞ്ചിലേറ്റിയതിന്റെ തെളിവാണ് ഇന്നും ആ സീരിയൽ മലയാളികൾക്കിടയിൽ ഹിറ്റ് ആയി നിൽക്കുന്നത്.
അടുത്തിടെ സീരിയലിലെ മുടിയൻ എന്ന കഥാപാത്രത്തെ ചെയ്യുന്ന ഋഷി ഒരു കല്യാണം കഴിച്ച് വീട്ടിലേക്ക് ഒരു പെണ്ണിനെയും കൂട്ടിവന്നതായിരുന്നു എപ്പിസോഡ്. പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉപ്പും മുളകിൽ കാണുന്നത്. എന്നാൽ സീരിയലിൽ ഇപ്പോൾ മുടിയനെ കാണുന്നില്ല. പ്രേക്ഷകർ നിരന്തരം ചോദിക്കുന്ന ചോദ്യമായിരുന്നു മുടിയൻ എവിടെ എന്നത്. പഠനത്തിനായി ഋഷി ലണ്ടനിൽ പോയി എന്നും മറ്റും വാർത്തകൾ വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് മുടിയൻ നൽകിയ അഭിമുഖം വൈറലാകുകയും ചർച്ചയാകുകയും ചെയ്തിരുന്നു.
ഉപ്പും മുളകിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ് കൊണ്ടാണ് ഋഷി രംഗത്ത് വന്നത്. സീരിയൽ സംവിധായകനെതിരെയായിരുന്നു ഋഷിയുടെ ആരോപണങ്ങൾ. സംവിധായകൻ സാഡിസ്റ്റ് ആണെന്നും അയാൾ ഒരുപാട് ടോർച്ചർ ചെയ്യുമായിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഋഷി. നിലവിൽ സീരിയലിൽ മുടിയനെ കാണിക്കുന്നില്ല. ജോലി ആവശ്യത്തിനായി മുടിയൻ ബാംഗ്ലൂരിൽ പോയിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ വച്ച് മുടിയൻ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ സംവിധായകൻ ശ്രമിക്കുന്നുവെന്നായിരുന്നു കരഞ്ഞുകൊണ്ട് ഋഷി അഭിമുഖത്തിൽ പറഞ്ഞത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ഇതിന് ചാനൽ ഹെഡ് ശ്രീകണ്ഠൻ നായർ മറുപടി നൽകുകയാണ്. ഉപ്പും മുളകിൽ ഒരു വിഷയവുമില്ല. ഞാൻ കഴിഞ്ഞദിവസവും ലൊക്കേഷനിൽ പോയതാണ്. നിങ്ങൾ ഈ ടെലിവിഷനിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും അറിയുന്നതൊന്നുമല്ല യാഥാർഥ്യം. നിങ്ങൾക്ക് അറിയില്ല, ഈ ആർട്ടിസ്റ്റുകൾ പെട്ടെന്ന് അങ്ങ് തടിച്ചു കൊഴുക്കുന്നതിനെക്കുറിച്ച്. അങ്ങനെ കൊഴുത്താൽ അത് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയിരിക്കും.
മറ്റൊന്ന്, ആർട്ടിസ്റ്റുകൾ ആയി മാറി കഴിയുമ്പോൾ ചിലപ്പോൾ ഇവർ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് വളർന്നാൽ അത് വെട്ടിവീഴ്ത്താതെ തരമില്ല. അത് പ്രേക്ഷകർ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇതിനെകുറിച്ച് ചോദിക്കുന്നുണ്ട്. അതാണ് പ്രതികരിച്ചതെന്നും എസ്‌കെഎൻ വീഡിയോയിൽ പറയുന്നു. എനിക്ക് ഇതിൽ കൂടുതൽ പറയാൻ നിർവ്വാഹമില്ല. നിങ്ങൾ മനസിലാക്കുന്നത് ഈ പ്രശ്‌നത്തിന്റെ ഒരു സൈഡ് മാത്രമാണ്. മറുവശത്ത് പ്രശ്നങ്ങൾ നിരവധിയാണ്. നമുക്ക് ചില ലൊക്കേഷനുകളിൽ ഷൂട്ടിങ് നടത്താൻ പറ്റാത്ത പോലെ ഇവർ പ്രശ്നങ്ങൾ വഷളാക്കും. അപ്പോൾ അവർ ആർട്ടിസ്റ്റുകൾ ആകും. ശബ്‍ദം ഒക്കെ കള്ളതൊണ്ടയിലേക്ക് പോകും.
ഞാൻ ആണ് ഈ പ്രോഗ്രാമിന്റെ ജീവൻ, ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന ചിന്തയിലേക്ക് മാറും. അപ്പോൾ പ്രേക്ഷകർ ഒന്ന് മനസിലാക്കുക. നിങ്ങൾ വിചാരിക്കും പോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല,നിസ്സാരമല്ല. നമ്മൾ വളരെ പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാൻ പോയാൽ നമ്മൾ അവരുടെ മൂഡ് ഒക്കെ സഹിക്കേണ്ടി വരും. പക്ഷേ 24 മണിക്കൂറും മൂഡ് താങ്ങി നടക്കാൻ നമുക്ക് കഴിയാതെ വരും എന്നാണ് ശ്രീകൺഠൻ നായർ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...