കൊച്ചി : ഇന്ദ്രൻസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം വാമനന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. ഒരു ഹൊറർ സൈക്കോ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് വാമനൻ. ചിത്രത്തിൽ വിജയ് ബാബുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഭീതിയും ആകാംക്ഷയും നിറച്ചിരിക്കുകയാണ്. ചിത്രത്തിൻറെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്ത് വിട്ടിട്ടില്ല.
ഒരു ആളൊഴിഞ്ഞ ബംഗ്ലാവിന് മുന്നിൽ ഇന്ദ്രൻസ് നിൽക്കുന്ന വീഡിയോയാണ് മോഷൻ പോസ്റ്ററിൽ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലവും, സംഗീതവും ഒക്കെ തന്നെ ഭീതി നിറയ്ക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. നിഴലുകളിലെ മനുഷ്യൻ എന്ന അടികുറുപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ മോശം പോസ്റ്റർ പുറത്ത് വിട്ടത്.
"ആശംസകൾ ടീം വാമനൻ മലയാള സിനിമയിലെ അഭിനയ പ്രതിഭ നാച്ചുറൽ ആക്ടർ ഇന്ദ്രൻസേട്ടൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഹൊറർ ത്രില്ലർ വാമനൻ്റെ മോഷൻ പോസ്റ്റർ സമർപ്പിക്കുന്നു." എന്ന കുറുപ്പോടെയാണ് ജയസൂര്യ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. വാഗതനായ എ. ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വാമനൻ'. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, വിജയ് ബാബു എന്നിവരെ കൂടാതെ ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരു മലയോര ഗ്രാമത്തിൽ ഹോംസ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
ഇന്ദ്രൻസിന്റെ ഏവരും കാത്തിരിക്കുന്ന മറ്റൊരു ചിത്രം ഉടലാണ്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ഫാമിലി ഡ്രാമ ചിത്രമായിരിക്കും ഇതെന്നാണ് ടീസർ സൂചിപ്പിച്ചത്. ഇന്ദ്രൻസ് വീണ്ടും നെഗറ്റീവ് റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഉടലിന്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിക്കുന്നത്. രതീഷ് രഘുനാഥനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്ക് പുറമെ ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.