ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട കിംഗ് ഖാന്റെ ജന്മദിനമാണ്. താരത്തിന്റെ 58ആം പിറന്നാളിന് അദ്ദേഹത്തിന്റെ മുംബൈയിലെ മന്നത്തിൽ അർധരാത്രി ആരാധകർ ഒത്തുകൂടിയിരുന്നു. പിറന്നാൾ ആശംസിക്കാൻ എത്തിയ എല്ലാവരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. തന്റെ കഠിന പ്രയത്നം കൊണ്ടാണ് ഇത്രയും ജനങ്ങളുടെ മനസിൽ ഇടംനേടാൻ താരത്തിന് സാധിച്ചത്.
ഡൽഹിയിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ഷാരൂഖ് ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ നാലാം സ്ഥാനത്താണ് നിൽക്കുന്നത്.
2023ലെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരമാണ് ഷാരൂഖ് ഏറ്റവും സമ്പന്നരായ അഭിനേതാക്കളിൽ നാലാം സ്ഥാനത്തുള്ളത്.
770 മില്യൺ ഡോളർ അതായത് 6306 കോടി രൂപയാണ് ഷാരൂഖിന്റെ ആസ്തി.
സിനിമാ പ്രോജക്ടുകളിൽ നിന്നാണ് താരത്തിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗവുമെന്നാണ് റിപ്പോർട്ട്. ഒരു സിനിമയ്ക്ക് 100-150 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലം വാങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്.
സിനിമയ്ക്ക് പുറമെ നിരവധി ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് താരം. ഇതിൽ നിന്നും മറ്റ് ബിസിനസുകളിൽ നിന്നുമെല്ലാം താരം സമ്പാദിക്കുന്നു. നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ആണ് വിജയകരമായ ബിസിനസ്സുകളിൽ ഒന്ന്. ഭാര്യ ഗൗരി ഖാൻ ആണ് സഹ ഉടമ.
കൂടാതെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎൽ ടീമിന്റെയും സഹ-ഉടമസ്ഥനാണ് കിംഗ് ഖാൻ. ബൈജൂസ്, കിഡ്സാനിയ തുടങ്ങിയ സ്റ്റാർട്ടപ്പുകളിലും കിംഗ് ഖാന് പ്രധാന ഓഹരികൾ സ്വന്തമായുണ്ട്.
ഷാരൂഖ് ഖാന് ധാരാളം സ്വത്തുക്കളും ആഡംബര കാറുകളും സ്വന്തമായുണ്ട്. മുംബൈയിലെ അദ്ദേഹത്തിന്റെ ആഡംബര ഭവനമായ മന്നത്തിന്റെ വില 200 കോടി രൂപയാണ്. കൂടാതെ, അദ്ദേഹത്തിന് ലണ്ടനിലും ദുബായിലെ പാം ജുമൈറയിലും വില്ലയുമുണ്ട്.
റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ, റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക്, ബെന്റ്‌ലി കോണ്ടിനെന്റൽ ജിടി, ബുഗാട്ടി വെയ്‌റോൺ, ബിഎംഡബ്ല്യു 7-സീരീസ്, ബിഎംഡബ്ല്യു 6-സീരീസ് കൺവെർട്ടബിൾ, ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ട്, ബിഎംഡബ്ല്യു ഐ8, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ കിംഗ് ഖാന്റെ ആഡംബര വാഹന കളക്ഷനിൽ ഉൾപ്പെടുന്നു.