ഐപിഎൽ പതിനഞ്ചാം സീസണനിൽ റോയൽ ചാലഞ്ചേഴ്സിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിയാകും ആർസിബിയുടെ ക്യാപ്റ്റൻ.
സീസൺ തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് നായകനെ പ്രഖ്യാപിച്ചിരിക്കുന്നത്. താരലേലത്തിലൂടെ ഡിവില്ലിയെഴ്സിന് പകരം മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം എത്തിയപ്പോൾ തന്നെ നായകസ്ഥാനം ഡുപ്ലസിക്കായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണിലെ ഫാഫിന്റെ ബാറ്റിംഗ് മികവ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കിരീടനേട്ടത്തിൽ നിര്‍ണായക പങ്ക് വഹിച്ചു.
കഴിഞ്ഞ സീസണിലെ റൺവേട്ടയിൽ മുന്നിൽ നിന്നതും ഫാഫ് ഡുപ്ലസി തന്നെ. സൗത്ത് ആഫ്രിക്കയെ നിർണായകഘട്ടങ്ങളിൽ ഉൾപ്പെടെ ഏറെനാള്‍ നയിച്ചതിന്റെ പരിചയ സമ്പത്തുമായാണ് ഡുപ്ലെസി ബാംഗ്ലൂരിന്റെ നായകനാകുന്നത്..
കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ചിരുന്ന വിരാട് കൊഹ്ലി നായകസ്ഥാനത്ത് നിന്നും പിന്മാറിയിരുന്നു. എന്നാൽ കൊഹ്ലി തന്നെ തിരിച്ചെത്തിയേക്കുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പടർന്നു. ഗ്ലെന്‍ മാക്സ്വെല്, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ പേരുകൾ ഉൾപ്പെടെ ഉയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ബാംഗ്ലൂരിന്റെ ഇപ്പോഴത്തെ നായകപ്രഖ്യാപനം. 2022 സീസണിലേക്കുള്ള പുത്തൻ ജേഴ്സിയും പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം ബാംഗ്ലൂര്‍ റോയൽ ചാലഞ്ചേഴ്സ് പുറത്തുവിട്ടു.
താരലേലത്തിൽ 2 കോടി രൂപ അടിസ്ഥാന വിലയുമായിയെത്തിയ ഡുപ്ലസിയെ ഏഴു കോടി രൂപ മുടക്കിയാണ് ആര്‍സിബി സ്വന്തമാക്കിയത്. രാഹുല്‍ ദ്രാവിഡ്, കെവിന് പീറ്റേഴ്സന്, അനില്‍ കുംബ്ലെ , ഡാനിയല്‍ വെട്ടോറി, വിരാട് കൊഹ്ലി എന്നിവർ നയിച്ചിരുന്ന നേതൃസ്ഥാനത്തേക്കാനാണ് ഫാഫ് എത്തുന്നത്.
കൊഹ്ലിയെകൊണ്ട് സാധിക്കാത്ത, കിരീടനേട്ടമെന്ന സ്വപ്നം ഫാഫിലൂടെ സാക്ഷാത്കരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആർസിബി ആരാധകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...