ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയിച്ചാൽ ഗുജറാത്തിന് പ്ലേ ഓഫിലെത്താം. മറുഭാഗത്ത്, പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കാൻ മുംബൈയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
11 കളികളിൽ 8 വിജയങ്ങളുടെ അകമ്പടിയോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 16 പോയിന്റാണ് ഗുജറാത്തിനുള്ളത്. നിലവിൽ നാലാം സ്ഥാനത്തുള്ള മുബൈയ്ക്ക് 11 കളികളിൽ 6 വിജയവും 5 തോൽവിയും സഹിതം 12 പോയിന്റുകളാണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് മുംബൈയ്ക്ക് മൂന്നാം സ്ഥാനത്തെത്താം. ജയത്തോടെ ഈ സീസണിലെ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി മാറാനാകും ഗുജറാത്തിന്റെ ശ്രമം.
ALSO READ: 'ഇപ്പൊ കിട്ടിയേനെ ഒരു അടി', തല ധോണിയുടെ തമാശകൾ; വീഡിയോ വൈറൽ
ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. പരിക്കേറ്റ ജോഫ്ര ആർച്ചർ ഈ സീസണിൽ ഇനി കളിക്കില്ല. ഈ സാഹചര്യത്തിൽ അർജുൻ ടെണ്ടുൽക്കറെ ടീമിൽ തിരിച്ച് എത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മയുടെ ഫോമില്ലായ്മയാണ് മുംബൈ നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇഷൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് മുംബൈയുടെ പ്രതീക്ഷ.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സന്തുലിതമായ ടീമാണ് ഗുജറാത്ത്. വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും തകർപ്പൻ ഫോമിലാണ്. ഹാർദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും വിജയ് ശങ്കറും വെടിക്കെട്ടിന് തിരികൊളുത്താനുണ്ട്. മുഹമ്മദ് ഷാമി, രാഹുൽ തെവാതിയ, റാഷിദ് ഖാൻ എന്നിവരും ചേരുമ്പോൾ മുംബൈയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
സാധ്യതാ ടീം
മുംബൈ ഇന്ത്യൻസ് സാധ്യതാ ഇലവൻ : രോഹിത് ശർമ്മ (C), ഇഷാൻ കിഷൻ (WK), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹാൽ വധേര, തിലക് വർമ്മ, ക്രിസ് ജോർദാൻ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, ജേസൺ ബെഹ്റൻഡോർഫ്
ഗുജറാത്ത് ടൈറ്റൻസ് സാധ്യതാ ഇലവൻ : വൃദ്ധിമാൻ സാഹ (W), ശുഭ്മാൻ ഗിൽ, ഹാർദ്ദിക് പാണ്ഡ്യ (C), വിജയ് ശങ്കർ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷാമി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...