ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ടേബിൾ ടോപ്പറും നിലവിലെ ചാമ്പ്യന്മാരുമായ ഗുജറാത്ത് ടൈറ്റൻസ് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ ക്വാളിഫയർ മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് ടോസ് ഇടും.
സീസണിലെ രണ്ട് മത്സരങ്ങളിലും ഗുജറാത്തിനെ നേരിട്ട നാല് തവണ ഐപിഎൽ കിരീടം ഉയർത്തിയ ചെന്നൈക്ക് തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏത് സ്കോറും പിന്തുടരാൻ സാധിക്കുന്ന ബാറ്റിങ് നിരയാണ് സിഎസ്കെയ്ക്കുള്ളത്. അതേസമയം ബോളിങ് ടീമിന്റെ പ്രകടനമാണ് ചെന്നൈയുടെ ഫൈനൽ പ്രവേശനം നിർണയിക്കുക. റൺസ് വിട്ടുകൊടുക്കുന്നതിന് തടയിടാനാണ് ധോണി തന്റെ ബോളിങ് നിരയിൽ ശ്രമിക്കുക. സീസണിന്റെ തുടക്കം നിരവധി റൺസ് വിട്ടുകൊടുത്ത ബോളിങ് നിര ഇപ്പോൾ പ്രകടനം വളരെ അധികം മെച്ചപ്പെടുത്തിട്ടുണ്ട്. ചെപ്പോക്കിൽ സ്വന്തം കാണികളുടെ മുന്നിൽ വെച്ച് നടക്കുന്ന മത്സരമെന്ന മുൻതൂക്കവും ചെന്നൈക്ക് ലഭിക്കുന്നുണ്ട്.
മറിച്ച് ഗുജറാത്താകട്ടെ കഴിഞ്ഞ സീസണിലെ അതെ മികവ് എല്ലാ മേഖലയിലും പുലർത്തുകയാണ്. നാലാമതൊരു സ്ഥിരം പേസറെ കൃത്യമായി പ്ലേയിങ് ഇലവനിൽ സജ്ജമാക്കാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിക്കുന്നില്ല എന്നതൊരു വാസ്തവമാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ഫോമും റഷിദ് ഖാന്റെ ഓൾറൗണ്ട് പ്രകടനവുമാണ് ടൈറ്റൻസിന്റെ പ്രകടന മികവിന്റെ മുഖമുദ്ര.
സാധ്യത പ്ലേയിങ് ഇലവൻ
ചെന്നൈ സൂപ്പർ കിംഗ്‌സ്: ഡെവൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്, മോഹിത് ശർമ്മ.
ജിടി-സിഎസ്കെ മത്സരം എവിടെ, എപ്പോൾ കാണാം?
ചെന്നൈ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ ക്വാളിഫയറായ ഗുജറാത്ത് ടൈറ്റൻസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരം. വൈകിട്ട് ഏഴ് മണിക്ക് മത്സരത്തിന്റെ ടോസ് ഇടും. 7.30ന് ജിടി-സിഎസ്കെ മത്സരത്തിലെ ആദ്യ പന്തെറിയും.
ഇത്തവണ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കാണ് ഐപിഎൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. ഡിസ്നി സ്റ്റാർ നെറ്റ്വർക്കാണ് സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലൂടെ ഐപിഎൽ ഗുജറാത്ത്-സിഎസ്കെ പ്ലേ ഓഫ് മത്സരം കാണാൻ സാധിക്കും. നെറ്റ്വർക്ക് 18ന്റെ ജിയോ സിനിമ ആപ്പിനാണ് ഐപിഎൽ സംപ്രേഷണത്തിന്റെ ഡിജിറ്റൽ അവകാശം. ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...