ന്യൂയോർക്ക്: യുഎസ് ബഹിരാകാശസഞ്ചാരിയും ചന്ദ്രനിൽ നാലാമതായി കാലു കുത്തിയ വ്യക്തിയുമായ അലൻ ബീൻ അന്തരിച്ചു. എണ്പത്തിയാറു വയസായിരുന്നു. യുഎസിലെ ടെക്സസിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
പീറ്റ് കോൺറാഡിനു പിന്നാലെ 1969 നവംബറിൽ അപ്പോളോ 12 ദൗത്യത്തിന്റെ ഭാഗമായാണ് ബീൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങിയതിന്റെ നാലാം മാസം ചന്ദ്രനിലിറങ്ങിയ അദ്ദേഹം പത്തിലധികം മണിക്കൂറുകള്‍ ചന്ദ്രോപതലത്തില്‍ ചിലവഴിച്ചു.
1973-ല്‍ നാസയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്കൈലാബിലേക്കു ബഹിരാകാശ യാത്രികരുടെ കമാൻഡറും ബീൻ ആയിരുന്നു. 59 ദിവസമാണ് അന്ന് അവര്‍ ബഹിരാകാശത്ത് ചിലവഴിച്ചത്. അപ്പോളോ ദൗത്യത്തിന്റെ ചരിത്രമെഴുതാൻ നാസ തീരുമാനിച്ചപ്പോൾ അതിനുള്ള ചിത്രങ്ങൾ വരച്ചത് അലൻ ബീനായിരുന്നു.
1932ൽ യുഎസ് സംസ്ഥാനമായ ടെക്സസിൽ ആണ് അലന് ബീനിന്റെ ജനനം. ടെക്സസ് സർവകലാശാലയിൽ നിന്ന് എയ്റൊനോട്ടിക്കല് എന്‍ജിനീയറിംഗ് പാസായ ശേഷം യുഎസ് നാവികസേനയില്‍ ടെസ്റ്റ് പൈലറ്റായി പ്രവര്‍ത്തിച്ചു. 1963-ലാണ് ബീന്‍ നാസയിലെത്തിയത്. ഇതുവരെ 12 ബഹിരാകാശ യാത്രികർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ടുണ്ട്.