ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ സംബന്ധിക്കുന്ന യാതൊരു വിവരവും ആരില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന.
"ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ് എന്ന് സംഘടനയ്ക്ക് ഉത്തമ ബോധ്യമുണ്ട്", ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗെബ്രിയേസസ് പറഞ്ഞു.
യുഎസ് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവൈന്ഷന് (CDC)വൈറസ് ബാധ സംബന്ധിച്ച് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ആഗോളതലത്തില്‍ വ്യാപിക്കുകയായിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നത്തില്‍ വികസ്തിത രാജ്യങ്ങള്‍ പോലും പരാജയപ്പെട്ടപ്പോള്‍ ചൈന അതിജീവിച്ചത് ലോക രാഷ്ട്രങ്ങള്‍ക്കിടെയില്‍ സംശയം ജനിപ്പിച്ചിരുന്നു.
തുടര്‍ന്ന്, ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടുകളാണ് കൈക്കൊള്ളുന്നത് എന്നാരോപിച്ച് സംഘടനയ്ക് സാമ്പത്തിക സഹായം നല്‍കുന്നത് താത്കാലികമായി അമേരിക്ക നിര്‍ത്തിവച്ചു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പക്ഷെ, അമേരിക്ക ഇതുവരെ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ നിലപാടില്‍ നിന്ന് പിന്മാറിയിട്ടില്ല.
അതേസമയം, മറ്റ് ചില റിപ്പോര്‍ട്ടുകളും പു പുറത്തു വരുന്നുണ്ട്. അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ചൈനയിലെ വൈറസിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ മാസങ്ങള്‍ക്ക് മുന്‍പേ വിവരം നല്‍കിയിട്ടും ട്രംപിന് യാതൊരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ ജോലി ചെയ്യുന്ന ഒരു ഡസനില്‍ അധികം അമേരിക്കക്കാര്‍ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ വെളിപ്പെടുത്തല്‍.