വാഷിങ്ടണ്‍: ഫ്ലോറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. അതേ സമയം കൂട്ടക്കൊലനടത്തിയ ഒമര്‍ മാതീന് എന്ന ഇരുപത്തൊന്‍പതുകാരന്റെ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ഉറപ്പാക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എങ്കിലും തീവ്രവാദ ആക്രമണം എന്ന നിലയില്‍ തന്നെയാവും അന്വേഷണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. വെടിവയ്പ്പ് നടത്തും മുമ്പ് ഒമര്‍ മതീന് ഇസ്ലാമിക് സ്റ്റേറ്റിനോടു അനുഭാവം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐഎസാണ് ഇയാളെ ആക്രമണത്തിനു നിയോഗിച്ചതെന്നതിനു കൃത്യമായ തെളിവില്ലെന്ന് ഒബാമ വ്യക്തമാക്കി.
50 പേരുടെ മരണത്തില്‍ കലാശിച്ച സംഭവം രാജ്യത്തെ തോക്കുനിയമം പുന: പരിശോധിക്കേണ്ടതിന്‍െറ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെടിവെപ്പാക്രമണത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചിരിക്കുന്നതെന്ന് പറഞ്ഞ ഒബാമ സംഭവം നിശ്ചയമായും ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി. ‘ഇത് ഭീകരതയുടെ ആക്രമണമാണ്, ഇത് വിദ്വേഷത്തിന്‍െറ ആക്രമണമാണ്. കേവലം നിശാക്ലബ്ബിന് നടന്ന ആക്രമണമായി ഇതിനെ കാണാനാവില്ല. സ്വന്തം അസ്തിത്വം സ്ഥാപിക്കുന്നതിനും തങ്ങളുടെ പൗരാവകാശം ഉറപ്പുവരുത്തുന്നതിനുമായി ഒരുമിച്ചുകൂടിയ ഒരു വിഭാഗം ആളുകളാണ് ഇവിടെ ഇരകളാക്കപ്പെട്ടിരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
സ്കൂളിലും തിയറ്ററിലും ചര്‍ച്ചിലും ക്ളബിലുമെല്ലാം ആളുകള്‍ക്ക് യഥേഷ്ടം തോക്കുമായി കടന്നുചെല്ലാമെന്ന നിയമം തുടരണമോ എന്ന കാര്യം ആലോചിക്കേണ്ട സമയമായിരിക്കുന്നു. യു.എസ് കോണ്‍ഗ്രസിന് ഈ നിയമത്തില്‍ മാറ്റം വരുത്താവുന്നതേയുള്ളൂവെന്നും ആയുധങ്ങള്‍ പെട്ടെന്ന് സ്വന്തമാക്കാന്‍ കഴിയുന്ന നിയമം വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെക്കുറിച്ച അന്വേഷണത്തിന് നേതൃത്വം നല്കുന്ന എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയുമായും മറ്റു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അതേസമയം, ഒബാമയുടെ പ്രസംഗത്തില്‍ ‘ഇസ്ലാമിക ഭീകരത’ കടന്നുവന്നില്ലെന്ന് ആരോപിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തത്തെി. ഒബാമ ഇസ്ലാമിക ഭീകരതയെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കില്‍ രാജിവെക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ആക്രമിയെന്ന് സ്ഥിരീകരിച്ച ഉമര്‍ മതീനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മള്‍ട്ടി നാഷനല്‍ സെക്യൂരിറ്റി സര്‍വിസ് കമ്പനിയായ ജി4എസില്‍ 2007 മുതല്‍ ഉമര്‍ പ്രവര്‍ത്തിക്കുന്നതായി സ്ഥാപനം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്മാക്കി. എഫ്.ബി.ഐ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തെ അമേരിക്കയിലെ മുസ്ലിം നേതാക്കളും പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള പ്രമുഖരും അനുശോചിച്ചു.