Post Office Deposits: ഇന്ന് പണം നിക്ഷേപിക്കാന്‍ പോസ്റ്റ് ഓഫീസിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ താരതമ്യം ചെയ്ത് നിക്ഷേപം നടത്തുന്നവരാണ് എങ്കില്‍ ഒരു കാര്യം മനസിലാക്കാന്‍ സാധിക്കും, ബാങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ പലിശ നിരക്കില്‍ വലിയ വ്യത്യസം പോസ്റ്റ് ഓഫീസ് നല്‍കുന്ന ചില നിക്ഷേപങ്ങളില്‍ കാണുവാന്‍ സാധിക്കും.
Also Read: Aadhaar Name Change: നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം!!
ഏപ്രില്‍ മാസത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റമുണ്ടായിരുന്നു. മിക്ക നിക്ഷേപങ്ങളുടെയും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. അതേസമയം, ബാങ്കുകള്‍ 2022 മേയ് മുതല്‍ റിപ്പോ നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നാലെ നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തുകയാണ്.
എന്നിരുന്നാലും പോസ്റ്റ് ഓഫീസ് നല്‍കുന്ന 2 പദ്ധതികള്‍ എസ്ബിഐയിലെ സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നല്‍കുന്നവയാണ്. ഇവയാണ് ടൈം ഡെപ്പോസിറ്റും നാഷണല്‍ സേവിംഗ്‌സ് സർട്ടിഫിക്കറ്റും.
പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്‍റെ നേട്ടം മനസിലാക്കാന്‍ ആദ്യം SBI നല്‍കുന്ന പലിശ നിരക്ക് അറിയാം.
സ്ഥിരനിക്ഷേപത്തിന് എസ്ബിഐയില്‍ 1 വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 6.80% ആണ്. 2 വര്‍ഷത്തേക്ക് 7% വും 3 വര്‍ഷത്തേക്ക് 6.50% പലിശയും ലഭിക്കും. 5 വര്‍ഷത്തേക്കും റെഗുലര്‍ നിക്ഷേപകര്‍ക്ക് അതേ പലിശയാണ് ലഭിക്കുക. അതേസമയം, മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് ലഭിക്കും. എന്നാൽ, പോസ്റ്റ് ഓഫീസിൽ മുതിർന്ന പൗരന്മാർക്ക് അധിക പലിശ ലഭിക്കില്ല.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വർഷം എന്നീ കാലയളവുകളില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. വ്യക്തിഗത, ജോയിന്‍റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ഇതിനായി, ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. അതായത്, 1,000 രൂപയിൽ ടൈം ഡെപ്പോസിറ്റ് ആരംഭിക്കാൻ സാധിക്കും.
ഈ പദ്ധതിയിൽ 100 രൂപയുടെ ഗുണിതങ്ങളാക്കി പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും എന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ പ്രത്യേകതയാണ്. പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസില്‍ ടൈം ഡെപ്പോസിറ്റ് ആരംഭിക്കാം. കൂടാതെ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും ടൈം ഡെപ്പോസിറ്റ് ആരംഭിക്കാൻ സാധിക്കും. എന്നാൽ, ജോയിന്‍റ് അക്കൗണ്ടെടുക്കാന്‍ പ്രായ പൂര്‍ത്തിയാകണം. പ്രായ പൂര്‍ത്തിയായ 3 പേര്‍ക്ക് ജോയിന്‍റ് അക്കൗണ്ടെടുക്കാന്‍ സാധിക്കും.
പോസ്റ്റ് ഓഫീസ് നൽകുന്ന പലിശ നിരക്ക്
1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.8% പലിശയും 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9% പലിശയും ലഭിക്കും. മൂന്ന് വര്‍ഷ കാലാവധിയില്‍ 7% ആണ് പലിശ നിരക്ക്. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് മുൻപ് 7% ആയിരുന്ന പലിശ നിരക്ക് 2023 ഏപ്രില്‍ 1 മുതല്‍ ഉയര്‍ത്തിയതോടെ 7.5% വും ലഭിക്കും. 5 വർഷത്തെ ടൈം ഡെപ്പോസിറ്റിന് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
പോസ്റ്റ് ഓഫീസ് നൽകുന്ന 5 വർഷ ലോക്ഇൻ പിരിയഡുള്ള സ്ഥിര നിക്ഷേപത്തിന് സമാനാമായ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 5 വർഷ കാലാവധിയുള്ള ഈ പദ്ധതിയിൽ പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും അതായത്, 10 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ചുരുങ്ങിയത് 1,000 രൂപയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കേണ്ടത്. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
ഈ വർഷം ജനുവരി - മാർച്ച് പാദത്തിൽ 7% ആയിരുന്നു നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക്. എന്നാൽ, ഏപ്രിൽ 1ന് 70 ബേസിക് പോയിന്‍റ് ഉയർത്തിയതോടെ പലിശ 7.70 ശതമാനായി മാറി. ഇതോടെ മുൻനിര ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 5 വർഷ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന നിക്ഷേപമായി നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് മാറിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...