തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണപണയ സ്ഥാപനയുടമയായ വയോധികനെ ബൈക്ക് കൊണ്ടിടിച്ചിട്ടശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നു കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ, കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത്, കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ എന്നിവരെയാണ് വിഴഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 27 ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്.
Also Read: കൊല്ലപ്പെട്ടത് ഇർഷാദ് തന്നെ; ദുരൂഹത തീരുന്നില്ല, പിന്നിൽ 916 ഗ്യാങ്ങോ?
ഉച്ചക്കട ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുക്യതാ ഫൈനാൻസ് നടത്തുന്ന കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിലെ പദ്മകുമാറിൽ നിന്നാണ് സംഘം പണവും സ്വർണ്ണവുമടങ്ങിയ ബാഗ് തട്ടിയെടുത്തത്. വട്ടവിള ജങ്ഷനിലെ സ്വർണ്ണപണയ സ്ഥാപനം പൂട്ടിയശേഷം സഹോദരനായ മോഹൻകുമാറിനൊപ്പം തൊട്ടകലെയുളള വീട്ടിലേക്ക് നടന്നുപോകവെയായിരുന്നു സംഭവം നടന്നത്. ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. ഇവരുടെ കാറ് പോലീസ് പിടിച്ചെടുത്തു.
കവർച്ച ചെയ്തത്തിൽ കുറച്ച് സ്വർണ്ണവും പണവും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. കവർച്ച ചെയ്ത പണമുപയോഗിച്ച് പ്രതികളിലൊരാളായ ഗോകുൽ 10000 രൂപ നൽകി പണയമെടുത്ത ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൂട്ടാളികളായ ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. കവർച്ച സംഘത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. കവർച്ചയുടെ സൂത്രധാരനായ നവീൻ, സുഹ്യത്തുക്കളായ ഗോകുൽ, വീനിത് എന്നിവർ ആദ്യം കാറിലെത്തി സ്ഥാപനത്തിന് സമീപം കാർ പാർക്ക് ചെയ്ത് കാത്തു നിന്നു. ശേഷം ഇവർ നേരത്തെ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് സുഹ്യത്തുക്കളായ രണ്ടുപേരെ ബൈക്കിൽ തൊട്ടകലേയും നിർത്തിയിരുന്നു. സ്ഥാപനം അടച്ച് ഉടമ നടന്നുവരുന്നത് ഫോണിലൂടെ ബൈക്കിലുളളവരെ അറിയിച്ചതാേടെ ഇവർ ബൈക്കോടിച്ചെത്തി ഉടമയെ ഇടിച്ചിട്ട് പണവും സ്വർണ്ണവുമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
Also Read: കൈകൾ കെട്ടി, കണ്ണുകൾ കെട്ടി ക്രൂരമായ ആക്രമണം... WION റിപ്പോർട്ടർ അനസ് മാലിക്കിന് കാബൂളിൽ സംഭവിച്ചത്
കേസിലെ മുഖ്യപ്രതിയായ നവീന് പെൺവാണിഭം, കൊലപാതകം അടക്കമുളള നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോർട്ട് അസി.കമ്മീഷണർ എസ്.ഷാജി,വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, ലിജോ.പി.മണി, പ്രസാദ്, സീനിയർ സി.പി.ഒ. സെൽവരാജ്, സി.പി.ഒ. പ്രകാശ്, രാമു, ലജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...