കൊല്ലം: വിസ്മയ കേസിൽ (Vismaya Death Case)അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന (Dowry) പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണ് വിസ്മയയുടേത് എന്നാണ് കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം (Charge Sheet) നൽകിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം (Kollam) റൂറൽ എസ് പി കെ ബി രവി പറഞ്ഞു. ശാസ്താംകോട്ട സിജെഎം കോടതിയിലാണ് 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
പ്രതി കിരൺകുമാറിനെതിരെ സ്ത്രീധനപീഡനം, ഗാർഹീകപീഡനം എന്നീ കുറ്റങ്ങള്‍ ഉൾപ്പെടെ ഒൻപത് വകുപ്പുകളാണ് അന്വേഷണ സംഘം ചുമത്തിയത്. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ ആത്മഹത്യാ വിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
102 സാക്ഷികളുണ്ട്, 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തിന്‍റെ ഭാഗമായുണ്ട്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാർ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്പാണ് കുറ്റപത്രം നൽകുന്നത്. കേസിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺകുമാർ 80 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. വിവിധ കോടതികളിലായി ഇതിനിടെ 3 തവണ ജാമ്യാപേക്ഷ തള്ളി. പ്രതി കിരൺകുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് വിസ്മയയുടെ മരണം നടന്ന് 90 ദിവസത്തിനു മുൻപ് കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഗതാഗതവകുപ്പ് പിരിച്ചുവിട്ടിരുന്നു.
Also Read: Honey Trap: ചറപറ ഹണി ട്രാപ്പ്, കുടുങ്ങുന്നത് സാധാരണക്കാർ മാത്രമല്ല, പോലീസുകാരും, അന്വേഷണം തുടങ്ങി
വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തിൽ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉൾപ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിരൺകുമാറിന്‍റെ ബന്ധുക്കൾക്കെതിരെയും വിസ്മയയുടെ കുടുംബം ആരോപണമുന്നയിച്ചിരുന്നു. എങ്കിലും തൽക്കാലം മറ്റൊരെയും പ്രതി ചേർക്കേണ്ടത് ഇല്ലെന്നാണ് പൊലീസ് തീരുമാനം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan) ഉൾപ്പെടെയുള്ളവർ വിസ്മയയുടെ വീട്ടിലെത്തിയതും സ്ത്രീധനത്തിനെതിരെ കാംപെയ്നുകൾക്ക് തുടക്കമിട്ടതും ഇക്കാലയളവിൽ വാർത്തയായതാണ്. പോരുവഴി ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ ജൂൺ 21നു പുലർച്ചെയാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...