രാജ്യത്തെ ആരോഗ്യ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ദേശീയ ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമായ 'ഇസഞ്ജീവനി' പ്രവർത്തനം ആരംഭിച്ചത്. 2019 നവംബറിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡോക്ടർ-ടു-ഡോക്ടർ കൺസൾട്ടേഷൻ സൗകര്യത്തിനായി ഇ സഞ്ജീവനി സേവനം ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഗ്രാമീണ ആശുപത്രികളിലെയും ഡോക്ടർമാർക്ക് മെഡിക്കൽ കോളേജുകളിൽ നിന്നും തൃതീയ പരിചരണ ആശുപത്രികളിൽ നിന്നും അഭിപ്രായങ്ങൾ ലഭ്യമാക്കുക എന്നതായിരുന്നു തുടക്കത്തിൽ ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. പ്രത്യേകിച്ച്, സങ്കീർണ്ണമായ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ. എന്നാൽ, ഈ പദ്ധതി ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ, കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് വലിയ ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായി.
ഈ അപകടകരമായ സാഹചര്യം നേരിടാൻ ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ ഗുണകരമായി. രോഗികൾക്ക് അവരുടെ വീടുകളിലോ അവർ ആയിരിക്കുന്ന ഇടങ്ങളിൽ നിന്നോ കോവിഡ്, കോവിഡ് ഇതര മെഡിക്കൽ അവസ്ഥകൾക്കായി ഡോക്ടർമാരുമായും മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുമായും നേരിട്ട് സംവദിക്കാനും മെഡിക്കൽ കൂടിക്കാഴ്ചകൾ നടത്താനും ഇത് സഹായകരമായി. 2020 ഏപ്രിലിൽ, 'ഇ സഞ്ജീവനി ഒപിഡി' എന്ന പേരിൽ ഡോക്ടർ-ടു-ഡോക്ടർ ടെലിമെഡിസിൻ സൗകര്യം ഈ സേവനത്തിലേക്ക് ചേർത്തു. ഇത് ഒരു വ്യക്തിക്ക് ഒരു മൊബൈൽ ആപ്പ് വഴിയോ ഇ സഞ്ജീവനി വെബ്‌സൈറ്റ് വഴിയോ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ ഡിജിറ്റൽ മാർഗത്തിലൂടെ കൺസൾട്ട് ചെയ്യാൻ സഹായിക്കുന്നു.
2021 ജൂലൈയിൽ രണ്ടാമത്തെ കോവിഡ് -19 തരംഗം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ ഇ സഞ്ജീവനി ഒപിഡി പോർട്ടലിൽ 2.37 ലക്ഷം രോഗികളുടെ കോളുകൾ ലോഗിൻ ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. ഇ സഞ്ജീവനി ആരംഭിച്ചതുമുതൽ ഒമ്പത് കോടി കൺസൾട്ടേഷനുകൾ നടത്തിയതായി ഈ വർഷം ജനുവരി 10ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ ഒരു കോടി കൺസൾട്ടേഷനുകൾ കഴിഞ്ഞ അഞ്ചാഴ്ചയ്ക്കുള്ളിൽ രേഖപ്പെടുത്തി. ഇപ്പോഴിതാ 10 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഐസിടിയിലൂടെ ഇ സഞ്ജീവനി ആരോഗ്യസംരക്ഷണത്തെ ജനാധിപത്യവൽക്കരിച്ചുവെന്ന് അനുമാനിക്കാം. ഇ സഞ്ജീവനിയുടെ ഗുണഭോക്താക്കളിൽ 57 ശതമാനം സ്ത്രീകളും 12 ശതമാനം മുതിർന്ന പൗരന്മാരുമാണ് എന്നതാണ് വലിയ പ്രത്യേകത.
ഇ സഞ്ജീവനി ഒപിഡി രജിസ്ട്രേഷൻ പോർട്ടൽ esanjeevaniopd.in എന്ന വെബ്സൈറ്റ് വഴി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ടെലികൺസൾട്ടേഷൻ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇ സഞ്ജീവനി ഒപിഡി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ സേവനം ഇന്ത്യൻ സർക്കാർ വാഗ്ദാനം ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ ഓൺലൈൻ ഒപിഡി സേവനമാണ്. eSanjeevaniOPD രോഗികൾക്ക് അവരുടെ വീടുകളിൽ ഇരുന്ന് തന്നെ ആരോഗ്യ സേവനങ്ങൾ ലഭിക്കാനും ഒരു ഡോക്ടറും രോഗിയും തമ്മിൽ സൗജന്യവും സുരക്ഷിതവുമായ വീഡിയോ അടിസ്ഥാനമാക്കിയുള്ള ക്ലിനിക്കൽ കൺസൾട്ടേഷനുകൾ പ്രാപ്തമാക്കാനും ലക്ഷ്യമിടുന്നു.
ഓൺലൈൻ പോർട്ടലിൽ ഇ സഞ്ജീവനി ഒപിഡി രജിസ്ട്രേഷൻ നടത്തുന്നതിന് നാല് ഘട്ടങ്ങളുണ്ട് - രജിസ്ട്രേഷനും ടോക്കൺ ജനറേഷനും, ലോഗിൻ, വെയിറ്റിംഗ് റൂം, കൺസൾട്ടേഷൻ എന്നിങ്ങനെയാണ് നാല് ഘട്ടങ്ങൾ.
ഘട്ടം 1: https://esanjeevaniopd.in/Home എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഹോംപേജിൽ, "പേഷ്യന്റ് രജിസ്ട്രേഷൻ" ടാബിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ നേരിട്ട് https://esanjeevaniopd.in/Register ക്ലിക്ക് ചെയ്യുക.
ഘട്ടം 3: തുടർന്ന് ഇ സഞ്ജീവനി ഒപിഡി പോർട്ടലിൽ രോഗികളുടെ രജിസ്ട്രേഷനായി മൊബൈൽ നമ്പർ ആവശ്യപ്പെടുന്ന ഒരു പുതിയ വിൻഡോ തുറക്കും.
ഘട്ടം 4: ഉപയോക്താവ് അവരുടെ മൊബൈൽ നമ്പർ നൽകി "ഒടിപി സെന്റ്" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫോണിൽ മെസേജ് വന്ന ഒടിപി നൽകുക. ഇ സഞ്ജീവനി ഒപിഡി പേഷ്യന്റ് രജിസ്ട്രേഷൻ ഫോം ഓപ്പൺ ആകും.
ഘട്ടം 5: രോഗികളുടെ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുന്നതിനും കൺസൾട്ടേഷനായി ടോക്കൺ ലഭിക്കുന്നതിനും ആരോഗ്യ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിനും (എന്തെങ്കിലും ഉണ്ടെങ്കിൽ) അപേക്ഷകർക്ക് എല്ലാ വിശദാംശങ്ങളും കൃത്യമായി പൂരിപ്പിക്കാൻ കഴിയും. തുടർന്ന് അപേക്ഷകർക്ക് എസ്എംഎസ് വഴി രോഗിയുടെ ഐഡിയും ടോക്കണും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...